ഫലസ്തീന്‍ വിഷയത്തില്‍നിലപാട് സ്വീകരിക്കാന്‍യു ഡി എഫില്‍ ചര്‍ച്ചചെയ്യേണ്ടതില്ല: മുസ്ലിം ലീഗ്
കോഴിക്കോട് – ഫലസ്തീന്‍ വിഷയം കേരളത്തിലെ മുന്നണി രാഷ്ട്രീയവുമായി ബന്ധപ്പെട്ട പ്രശ്നമല്ലെന്നും ഇക്കാര്യത്തില്‍ നിലപാടു സ്വീകരിക്കാന്‍ യു ഡി എഫില്‍ ചര്‍ച്ച ചെയ്യണമെന്നില്ല എന്നാണു ലീഗിന്റെ പൊതു അഭിപ്രായമെന്നും ജന.
സെക്രട്ടറി പി എം എ സലാം പറഞ്ഞു. കൂടിയാലോചനയിലൂടെ തീരുമാനം നാളെയുണ്ടാവും.
സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയില്‍ പങ്കെടുക്കാനുള്ള സി പി എമ്മിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിട്ടുണ്ട്. ഏക സിവില്‍ കോഡ് കാലത്തെ രാഷ്ട്രീയ സാഹചര്യമല്ല ഫലസ്തീന്‍ കാര്യത്തിലുള്ളത്.
പരിപാടിയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച് ഇ ടി മുഹമ്മദ് ബഷീര്‍ നടത്തിയ പ്രതികരണത്തില്‍ മുതിര്‍ന്ന നേതാക്കള്‍ കൂടിയാലോചന നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കും. ഫലസ്തീന്‍ വിഷയം ഒരു സമുദായ വിഷയമല്ല. ഒരു ജനതയെ വംശീയമായി ഉന്മൂലനം ചെയ്യുന്നതിനെതിരായ മനുഷ്യാവകാശ പ്രശ്നമാണ്. ഇക്കാര്യത്തില്‍ എല്ലാ മനുഷ്യരും ഒന്നായി അണിചേരുകയാണ്. സി പി എം സംഘടിപ്പിക്കുന്നത് ഒരു രാഷ്ട്രീയ വേദിയല്ല.
ശശി തരൂര്‍ പ്രകടിപ്പിച്ചതു കോണ്‍ഗ്രസ്സിന്റെ നിലപാടാണെങ്കില്‍ അക്കാര്യങ്ങള്‍ വ്യക്തമാക്കേണ്ടതുകോണ്‍ഗ്രസ്സാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എന്താണ് ഐക്യദാര്‍ഢ്യ സമ്മേളനം നടത്താത്തത് എന്ന കാര്യം അവരോടു ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീര്‍ പ്രകടിപ്പിച്ചത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും പാര്‍ട്ടി ആലോചിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുകയെന്നും എം കെ മുനീര്‍ പറഞ്ഞു.താന്‍ പാര്‍ട്ടിക്കു വിധേയനായി നില്‍ക്കുന്നതിനാല്‍ തന്റെ അഭിപ്രായം പാര്‍ട്ടി വേദിയിലാണു പറയുകയെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ ലീഗിനെ പ്രശംസിച്ച് സി പി എം നേതാവ് എ കെ ബാലന്‍ രംഗത്തുവന്നു. കോണ്‍ഗ്രസ്സിന്റെ കക്ഷത്തിലെ കീറ സഞ്ചിയല്ല ലീഗെന്നു ലീഗ് തെളിയിച്ചു എന്നായിരുന്നു ബാലന്റെ പ്രതികരണം.
അടുത്ത ജന്മത്തില്‍ പട്ടിയാവും എന്നതിനാല്‍ ഇപ്പോഴേ കുരയ്ക്കണമോ എന്ന കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ലീഗിനെ പ്രകോപിപ്പിച്ചിട്ടുണ്ട്. ലീഗിനെതിരായി ഇത്രയും നീചമായ ഉപമ പ്രയോഗിച്ചതിനെതിരെ അണികളില്‍ രോഷം പുകയുന്നുണ്ട്. ഫലസ്തീന്‍ ഐക്യദാര്‍ഢ്യ പരിപാടിയിലേക്കു സി പി എം ക്ഷണം സ്വീകരിക്കുന്നതിനെതിരെ രമേശ് ചെന്നിത്തലയും വി ഡി സതീശനും അടക്കുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ലീഗ് നേതാക്കളെ വിളിച്ച് പ്രതിഷേധം അറിയിച്ചിട്ടുണ്ടെന്നാണു വിവരം.
ഈ മാസം 11 ന് കോഴിക്കോട് സരോവരം ട്രേഡ് സെന്ററിലാണ് സി പി എം നേതൃത്വത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്ന റാലിയിലേക്ക് രാഷ്ട്രീയ, മത,സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരെയാണ് ക്ഷണിക്കുന്നത്. സമസ്ത ഉള്‍പ്പെടെയുളള ഭൂരിഭാഗം മുസ്ലിം സംഘടനകളെയും പരിപാടിയിലേക്കു ക്ഷണിക്കുന്നുണ്ട്. മുസ്ലിം ലീഗ് കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച റാലിയില്‍ ശശിതരൂര്‍ നടത്തിയ പ്രസംഗം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസിനെ പരിപാടിയിലേക്കു ക്ഷണിക്കുന്നില്ല.