19/04/2024
#Uncategorized

ഹജ്ജ് അപേക്ഷ സ്വീകരിക്കൽ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ല

ഹജ്ജ് അപേക്ഷ സ്വീകരിക്കൽ: കേന്ദ്ര ഹജ്ജ് കമ്മിറ്റിയിൽ നിന്ന് അറിയിപ്പ് ലഭിച്ചില്ല

മന്ത്രി വി അബ്ദുർറഹ്മാനെ ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.

കോഴിക്കോട് : ഹജ്ജ് 2023 നുള്ള അപേക്ഷ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്ന് ഇതുവരെ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് അറിയിച്ചു. വിജ്ഞാപനം വരുന്ന മുറക്ക് അപേക്ഷ സ്വീകരിച്ചു തുടങ്ങും. ജനുവരി ഒന്ന് മുതൽ ഹജ്ജ് അപേക്ഷ സ്വീകരിച്ചു തുടങ്ങുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാന്റെ പത്രപ്രസ്താവനയെത്തുടർന്ന് നിരവധി പേർ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിശദീകരണം.

കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൽ നിന്ന് ഹജ്ജ് നയത്തിന്റെ കരടുരേഖ മാത്രമാണ് ഇപ്പോൾ ഹജ്ജ് കമ്മിറ്റി ഓഫീസിൽ ലഭിച്ചിട്ടുള്ളത്. ഇത് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം അന്തിമമാക്കിയ ശേഷം ഹജ്ജ് അപേക്ഷാ മാർഗനിർദേശങ്ങളും വിജ്ഞാപനവും കേന്ദ്ര ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്ന് ലഭിക്കുന്ന മുറക്ക് മാത്രമേ ഈ വർഷത്തെ ഹജ്ജ് അപേക്ഷകൾ സ്വീകരിച്ചു തുടങ്ങുകയുള്ളൂ. അപേക്ഷകർക്ക് ആവശ്യമായ നിർദേശങ്ങൾ യഥാസമയം സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസ് മുഖേനയും ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക ഹജ്ജ് ട്രെയിനർമാർ മുഖേനയും ലഭ്യമാക്കും. ഓഫീസ് ഫോൺ നമ്പർ: 0483-2710717, 2717572. സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് മറ്റു ഏജൻസികളോ അനുബന്ധ സ്ഥാപനങ്ങളോ ഇല്ല.

വ്യക്തികളോ സംഘടനകളോ നടത്തുന്ന പ്രവർത്തനങ്ങൾക്കോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വാർത്തകൾക്കോ ഹജ്ജ് കമ്മിറ്റിക്ക് യാതൊരുവിധ ഉത്തരവദിത്വവുമുണ്ടായിരിക്കുന്നതല്ലെന്നും ഹജ്ജ് അപേക്ഷകർ വിവരങ്ങൾക്ക് ഹജ്ജ് കമ്മിറ്റിയുടെ ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കേണ്ടതാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി വാർത്താ കുറിപ്പിൽ അറിയിച്ചു.

മന്ത്രി വി അബ്ദുർറഹ്മാന് അഭിനന്ദനം

കോഴിക്കോട്: 2023 ലെ ഹജ്ജ് പുറപ്പെടൽ കേന്ദ്രങ്ങളിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന് മുന്തിയ പരിഗണന നൽകുന്നതിന് തുടർച്ചയായ ഇടപെടലുകൾ നടത്തിയ സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുർറഹ്മാനെ ചെയർമാൻ സി മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം അഭിനന്ദിച്ചു.

കേന്ദ്ര വ്യോമയാന മന്ത്രിയേയും ഹജ്ജ് സംബന്ധമായ കാര്യങ്ങളിൽ സംസ്ഥാനത്തിന്റെ താത്പര്യങ്ങൾ സംരക്ഷിക്കുന്നതിന് കേന്ദ്ര ന്യൂനപക്ഷ മന്ത്രിയേയും നേരിൽ കണ്ട് അദ്ദേഹം നിവേദനം സമർപ്പിച്ചിരുന്നു. കരിപ്പൂരിലെ റൺവേ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി സംസ്ഥാന സർക്കാറും മന്ത്രിയും നടത്തുന്ന ഇടപെടലുകൾ പ്രശംസനീയമാണെന്നും യോഗം അഭിപ്രായപ്പെട്ടു. യോഗത്തിൽ പി വി അബ്ദുൽ വഹാബ് എം പി, മുഹമ്മദ് മുഹ്‌സിൻ എം എൽ എ, അഡ്വ. ടി കെ ഹംസ, സഫർ എ കയാൽ, അഡ്വ. കെ മൊയ്തീൻകുട്ടി, കടക്കൽ അബ്ദുൽ അസീസ് മൗലവി, മുഹമ്മദ് കാസിം കോയ, കെ ഉമർ ഫൈസി മുക്കം, ഡോ. ഐ പി അബ്ദുസ്സലാം, പി പി മുഹമ്മദ് റാഫി സംബന്ധിച്ചു. അസി. സെക്രട്ടറി എൻ മുഹമ്മദലി സ്വാഗതം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *