28/03/2024
#Uncategorized

കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു; ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം

കുടുംബശ്രീ ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ചു; ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം

ലിംഗവ്യത്യാസം ഇല്ലാതെ സ്വത്തില്‍ തുല്യ അവകാശം നല്‍കണമെന്നായിരുന്നു പ്രതിജ്ഞ

തിരുവനന്തപുരം: ലിംഗസമത്വ പ്രതിജ്ഞ പിന്‍വലിച്ച് കുടുംബശ്രീ. പ്രതിജ്ഞ ചൊല്ലേണ്ടെന്ന് ജില്ലാ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. ലിംഗവ്യത്യാസം ഇല്ലാതെ സ്വത്തില്‍ തുല്യ അവകാശം നല്‍കണമെന്നായിരുന്നു പ്രതിജ്ഞ. പ്രതിജ്ഞയ്‌ക്കെതിരെ മുസ്ലിം സംഘടനകള്‍ രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് പിന്‍വലിക്കാനുള്ള തീരുമാനം.

എല്‍ഡിഎഫിന്റെ ജെന്‍ഡര്‍ ക്യാംപെയിനിന്റെ ഭാഗമായി തയ്യാറാക്കിയതായിരുന്നു പ്രതിജ്ഞ. ‘നമ്മള്‍ പെണ്‍മക്കള്‍ക്കും ആണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കും’ എന്ന പ്രതിജ്ഞാ വാചകത്തിനെതിരെയാണ് സമസ്ത രംഗത്തെത്തിയത്. ഇത് ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നതാണെന്ന് സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി ആരോപിച്ചിരുന്നു.

സ്വത്തവകാശം സംബന്ധിച്ച് ഇസ്ലാമിക് മതഗ്രന്ഥമായ ഖുറാനില്‍ പരാമര്‍ശിച്ചിരിക്കുന്നത് ‘ആണിന് രണ്ട് പെണ്ണിന്റേതിന് തുല്യമായ ഓഹരിയാണുള്ളത്”. ഇതിന് വിരുദ്ധമായി പ്രതിജ്ഞവാചകം തയ്യാറാക്കിയത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലികാവകാശ ലംഘനമാണെന്ന് എവൈഎസ് സംസ്ഥാന സെക്രട്ടറി കൂടിയായ നാസര്‍ഫൈസി പ്രതികരിച്ചിരുന്നു.

2022 നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ നടക്കുന്ന ജെന്‍ഡര്‍ ക്യാമ്പയിനില്‍ ചൊല്ലാന്‍ കുടുംബശ്രീ അയല്‍ക്കൂട്ടത്തിന് കൈമാറിയതായിരുന്നു പ്രതിജ്ഞ. സിഡിഎസ് തലത്തിലാണ് പ്രതിജ്ഞ ചൊല്ലേണ്ടിയിരുന്നത്.

‘പെണ്‍കുഞ്ഞാവട്ടെ, ആണ്‍കുഞ്ഞാവട്ടെ, രണ്ട് കുഞ്ഞുങ്ങളുടേയും ജനനം നമ്മള്‍ ആഘോഷിക്കും. മകനും മകള്‍ക്കും തുല്യവിദ്യാഭ്യാസത്തിനും തുല്യ പുരോഗതിക്കും തുല്യ അവസരം നല്‍കും, ബാല വിവാഹത്തേയും നിര്‍ബന്ധിത വിവാഹത്തേയും ഗാര്‍ഹിക പീഡനങ്ങളേയും നമ്മള്‍ എതിര്‍ക്കും, സ്ത്രീകളേയും പെണ്‍കുട്ടികളേയും ബഹുമാനിക്കാന്‍ നമ്മള്‍ ആണ്‍കുട്ടികളെ പഠിപ്പിക്കും, സ്ത്രീകള്‍ക്കെതിരേയുള്ള ഏത് അതിക്രമത്തേയും നമ്മള്‍ എതിര്‍ക്കും, അതിജീവിതയ്ക്ക് നീതി ലഭിക്കാനുള്ള ഒരു അവസരവും നമ്മള്‍ പാഴാക്കില്ല, എല്ലാ അതിജീവിതമാരേയും അവരുടെ അന്തസോടെ സംരക്ഷിക്കുകയും അവരുടെ അനുഭവങ്ങള്‍ രബസ്യമായി സൂക്ഷിക്കുകയും ചെയ്യും, നമ്മള്‍ ഒരിക്കലും നിയമം കൈയ്യിലെടുക്കില്ല. സമാധാനത്തിന്റേയും ഐക്യദാര്‍ഢ്യത്തിന്റേയും സന്ദേശങ്ങള്‍ എല്ലാ ഗ്രാമത്തിലേക്കും എല്ലാ കുടുംബങ്ങളിലേക്കും എത്തിക്കും’, തുടങ്ങിയ വാചകങ്ങളാണ് പ്രതിജ്ഞയിലുള്ളത്.

Leave a comment

Your email address will not be published. Required fields are marked *