20/04/2024
#National

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്ഷേപണം ഇന്ന്

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എപിഎൽ) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്

 

ന്യൂഡൽഹി | രാജ്യത്തെ ആദ്യ സ്വകാര്യ റോക്കറ്റ് വിക്രം-സബോർബിറ്റൽ (വി കെ എസ്) ഐ എസ് ആർ ഒ ഇന്ന് വിക്ഷേപിക്കും. ശ്രീ ഹരികോട്ടയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ഇന്ന് രാവിലെ 11.30നാണ് വിക്ഷേപണം. വിദേശ ഉപഭോക്താക്കളുടെ ഉൾപ്പെടെ മൂന്ന് പേലോഡുകൾ ഇത് ബഹിരാകാശത്ത് എത്തിക്കും.

ഹൈദരാബാദ് ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പ് കമ്പനിയായ സ്കൈറൂട്ട് എയ്‌റോസ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് (എസ്‌എപിഎൽ) ആണ് വികെഎസ് റോക്കറ്റ് വികസിപ്പിച്ചെടുത്തത്. ഏകദേശം 545 കിലോഗ്രാം ഭാരമുള്ള ഒറ്റ-ഘട്ട സ്പിൻ-സ്റ്റെബിലൈസ്ഡ് സോളിഡ് പ്രൊപ്പല്ലന്റ് റോക്കറ്റാണ് ഇത്. റോക്കറ്റ് പരമാവധി 101 കിലോമീറ്റർ ഉയരത്തിൽ പോയി കടലിൽ പതിക്കും. വിക്ഷേപണത്തിന്റെ ആകെ ദൈർഘ്യം വെറും 300 സെക്കൻഡാണ്. ഇതൊരു പരീക്ഷണ പറക്കലാണ്. ഇത് വിജയിച്ചാൽ സ്വകാര്യ ബഹിരാകാശ കമ്പനിയുടെ റോക്കറ്റ് വിക്ഷേപണത്തിന്റെ കാര്യത്തിൽ ലോകത്തെ മുൻനിര രാജ്യങ്ങൾക്കൊപ്പം ഇന്ത്യയും ചേരും.

റോക്കറ്റുകൾ വിക്ഷേപിക്കുന്നതിനായി ഐഎസ്ആർഒയുമായി ധാരണാപത്രം ഒപ്പുവെച്ച ആദ്യ സ്റ്റാർട്ടപ്പാണ് സ്കൈറൂട്ട്. രാജ്യത്തെ ആദ്യത്തെ സ്വകാര്യ വിക്ഷേപണം എന്നതിലുപരി, പ്രരംഭ് എന്ന് പേരിട്ടിരിക്കുന്ന സ്കൈറൂട്ട് എയ്‌റോസ്‌പേസിന്റെ കന്നി ദൗത്യം കൂടിയാണിത്.

വിക്രം സാരാഭായിയുടെ പേരിലാണ് റോക്കറ്റ് നിർമിച്ചിരിക്കുന്നത്. നവംബർ 15ന് വിക്ഷേപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടർന്ന് തീയതിയും സമയവും മാറ്റുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *