29/03/2024
#Uncategorized

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചത് പുനപരിശോധിക്കണം; കേന്ദ്രം സുപ്രീം കോടതിയിൽ

രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ വിട്ടയച്ചത് പുനപരിശോധിക്കണം; കേന്ദ്രം സുപ്രീം കോടതിയിൽ

കേസിലെ സുപ്രീം കോടതി ഉത്തരവ് നിയമപരമായി പിഴവുള്ളതാണെന്ന് കേന്ദ്രം

 

ന്യൂഡൽഹി | രാജീവ് ഗാന്ധി വധക്കേസിലെ ആറ് പ്രതികളെ വിട്ടയച്ചതിനെതിരെ കേന്ദ്രസർക്കാർ വ്യാഴാഴ്ച സുപ്രീം കോടതിയെ സമീപിച്ചു. ആറ് പ്രതികൾക്ക് ഇളവ് അനുവദിച്ച ഉത്തരവ് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചത്. കേസിലെ സുപ്രീം കോടതി ഉത്തരവ് നിയമപരമായി പിഴവുള്ളതാണെന്നും ആറ് പ്രതികളെ വിട്ടയക്കുന്നതിനെതിരെ വാദിക്കാൻ കോടതിയോട് അനുമതി തേടിയിട്ടുണ്ടെന്നും കേന്ദ്രം അറിയിച്ചു.

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ആറ് പ്രതികളെയും വിട്ടയക്കാൻ കഴിഞ്ഞയാഴ്ച സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. നളിനി, ആർപി രവിചന്ദ്രൻ, ശ്രീഹരൻ, ശാന്തൻ, മുരുകൻ, റോബർട്ട് പയസ് എന്നിവരെയാണ് വിട്ടയച്ചത്. മെയ് 18ന് ഇതേ കേസിലെ പ്രതി പേരറിവാളനെ വിട്ടയക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബാക്കിയുള്ള പ്രതികളും ഇതേ ഉത്തരവ് ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കുകയായിരുന്നു.

1991 മെയ് 21 ന് ശ്രീപെരുമ്പത്തൂരിൽ ഒരു തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കവെ ചാവേർ സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി രാജരത്നം എന്ന തനു രാജീവിന് മുന്നിൽവെച്ച് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. രാജീവ് ഗാന്ധിക്ക് ഹാരമണിയിച്ച ശേഷം കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തി സ്ഫോടനം സൃഷ്ടിക്കുകയായിരുന്നു. ശക്തമായ സ്ഫോടനത്തിൽ രാജീവിന്റെ ശരീരം ഛിന്നഭിന്നമായി. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേരും തത്ക്ഷണം മരിച്ചിരുന്നു. 45ലധികം പേർക്ക് പരുക്കേറ്റു. ശ്രീലങ്കയിലേക്ക് സമാധാന സേനയെ അയച്ച രാജീവ് ഗാന്ധിയുടെ നടപടിയിൽ രോഷാകുലരായാണ് എൽടിടിഇ ഈ ക്രൂരകൃത്യം ചെയ്തത്.

Leave a comment

Your email address will not be published. Required fields are marked *