28/03/2024
#Kerala

എ കെ ജി സെന്ററിലെ പതാക താഴ്ത്തിക്കെട്ടി; കോടിയേരിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നേതാക്കള്‍

എ കെ ജി സെന്ററിലെ പതാക താഴ്ത്തിക്കെട്ടി; കോടിയേരിക്ക് ആദരാഞ്ജലികളര്‍പ്പിച്ച് നേതാക്കള്‍

തിരുവനന്തപുരം:| കോടിയേരിക്ക് അന്ത്യാഭിവാദനങ്ങള്‍ അര്‍പ്പിച്ച് എ കെ ജി സെന്ററിലെ പതാക താഴ്ത്തിക്കെട്ടി. അദ്ദേഹത്തിന്റെ വിയോഗത്തില്‍ വിവിധ നേതാക്കള്‍ അനുശോചിച്ചു. എല്ലാവര്‍ക്കും പ്രിയങ്കരനും സൗമ്യനുമായ നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണനെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. വര്‍ഗീയതക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ നേതാവെന്ന് സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സഹോദരനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു.

തീരാ നഷ്ടമാണ് സംഭവിച്ചതെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കോടിയേരിയുടെ വിയോഗ വാര്‍ത്തയറിഞ്ഞ് പിതാവിന്റെ കണ്ണ് നിറഞ്ഞെന്ന് വി എസിന്റെ മകന്‍ ബിനോയ് കോടിയേരി. രാഷ്ട്രീയ ഗുരുവിനെയാണ് നഷ്ടമായതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരള രാഷ്ട്രീയത്തിന്റെ വലിയ നഷ്ടമാണ് കോടിയേരി ബാലകൃഷ്ണന്റെ വേര്‍പാടെന്നും നഷ്ടമായത് പൊതു സ്വീകാര്യനെയെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ചെന്നൈയിലെ ആശുപത്രിയിലെത്തി അനുശോചനം രേഖപ്പെടുത്തി.

വിടവാങ്ങിയത് ഏവര്‍ക്കും സ്വീകാര്യനായ നേതാവെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് ഉമ്മന്‍ ചാണ്ടി. രാഷ്ട്രീയമായി വിരുദ്ധ ചേരിയില്‍ നിന്നപ്പോഴും വ്യക്തിപരമായ അടുപ്പം കാത്തു സൂക്ഷിച്ചയാളായിരുന്നു അദ്ദേഹം. രാഷ്ട്രീയ കേരളത്തിന്റെ നഷ്ടമാണ് കോടിയേരിയുടെ വിയോഗമെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍ എം പി. രാഷ്ട്രീയമായി എതിര്‍ചേരിയില്‍ വ്യത്യസ്ത അഭിപ്രായങ്ങളോടും ആശയങ്ങളോടും കൂടി പ്രവര്‍ത്തിക്കുമ്പോഴും എല്ലാവരുമായി നല്ല വ്യക്തിബന്ധം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കോടിയേരിയെന്നും സുധാകരന്‍ പറഞ്ഞു.

 

 

Leave a comment

Your email address will not be published. Required fields are marked *