28/03/2024
#Kasaragod

ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പളയിലെ ഗുണ്ടാസംഘങ്ങളെ ഒതുക്കി; ലഹരി മാഫിയക്കെതിരെ പിടിമുറുക്കി മഞ്ചേശ്വരം പൊലീസ്

ഉപ്പള: ഉപ്പളയിലും പരിസരത്തും അടിക്കടി നടന്നിരുന്ന ഗൂണ്ടാ വിളയാട്ടം കര്‍ശന നടപടിയെ തുടര്‍ന്ന് ഒതുങ്ങിയതോടെ മയക്കുമരുന്ന് മാഫിയകളെ ഒതുക്കാനും പൊലീസ് നടപടി തുടങ്ങി. ജില്ലയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കഴിഞ്ഞ ദിവസം മഞ്ചേശ്വരം പൊലീസ് നടത്തിയത്. രണ്ട് സ്‌കൂട്ടറുകളിലായി കടത്തിയ 53 ഗ്രാം എം.ഡി.എം.എ യുമായി അഞ്ചുപേരെയാണ് പൊലീസ് പിടിച്ചത്.

മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍, എസ്.ഐ എന്‍. അന്‍സാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഗൂണ്ടാ സംഘങ്ങളെ ഒതുക്കിയതിന് പിന്നാലെയാണ് ലഹരിക്കടത്ത് സംഘത്തിനെതിരെയും നടപടി തുടങ്ങിയത്. എട്ടോളം ക്രിമിനല്‍ കേസുകളിലെ പ്രതികളെ കാപ്പ ചുമത്തി ജയിലിലടച്ചു. വാറണ്ട് കേസുകളില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടി.

തട്ടികൊണ്ടു പോകല്‍, വധശ്രമം, ഭീഷണിപ്പെടുത്തി പണം തട്ടല്‍, വെടിവെപ്പ് നടത്തല്‍ തുടങ്ങിയ എട്ടോളം കേസുകളാണ് ഒരു മാസത്തിനിടെ ഇവിടെ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ ഇപ്പോള്‍ 6 മാസത്തോളമായി ക്രിമിനല്‍ കേസുകളൊന്നും ഇല്ലാത്ത സ്ഥിതിയായി.

മഞ്ചേശ്വരം, ഉപ്പള, ബായാര്‍, പൈവളിഗെ, മുളിഗദ്ധെ തുടങ്ങിയ ഇടങ്ങളില്‍ അടിക്കടിയുണ്ടായിരുന്ന ഗുണ്ടാ സംഘങ്ങളെയാണ് പൊലീസ് കര്‍ശന നടപടിയെടുത്ത് അമര്‍ച്ച ചെയ്തത്. ഇതില്‍ വിജയം കണ്ടതോടെയാണ് മയക്കുമരുന്ന് മാഫിയകളെ നിലക്ക് നിര്‍ത്താനും നടപടി സ്വീകരിച്ചത്. ഒരു മാസത്തിനിടെ ലക്ഷക്കണക്കിന് രൂപയുടെ എം.ഡി.എം.എയും കഞ്ചാവും പിടികൂടി.

15 ഓളം പേരെ അറസ്റ്റ് ചെയ്തു. കര്‍ണാടകയില്‍ നിന്നാണ് മഞ്ചേശ്വരം ഉപ്പള എന്നിവിടങ്ങളിലേക്ക് സുലഭമായി മയക്കുമരുന്ന് എത്തുന്നത്. അതിര്‍ത്തി പ്രദേശങ്ങളായ തലപ്പാടി, ബായാര്‍, കന്യാന, പൈവളിഗെ തുടങ്ങിയ സ്ഥലങ്ങളിലെ പോക്കറ്റ് റോഡുകള്‍ വഴിയാണ് കൂടുതലായും കര്‍ണാടക മദ്യവും മയക്കുമരുന്നും എത്തുന്നത്.

ഇവിടങ്ങളില്‍ രാത്രി കാലങ്ങളില്‍ പരിശോധന കര്‍ശനമാക്കി. മൂന്ന് ജീപ്പുകളിലായി 15 ഓളം പൊലീസ് സംഘം രാത്രികാല പരിശോധന നടത്തുന്നു.

Leave a comment

Your email address will not be published. Required fields are marked *