20/04/2024
#Kerala #Uncategorized

കൃത്രിമ വിലവര്‍ധനക്കെതിരെ ശക്തമായ നടപടിക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

കൃത്രിമ വിലവര്‍ധനക്കെതിരെ ശക്തമായ നടപടിക്ക് കലക്ടര്‍മാര്‍ക്ക് നിര്‍ദേശം

 

‘കേരളത്തില്‍ മാത്രമായി വില വര്‍ധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല.’ 

 

തിരുവനന്തപുരം | സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങളുടെ വിലയില്‍ കൃത്രിമമായ വര്‍ധനവ് സൃഷ്ടിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍മാര്‍ക്ക് ഭക്ഷ്യപൊതുവിതരണ മന്ത്രി ജി ആര്‍ അനിലിന്റെ നിര്‍ദേശം. വിലക്കയറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചുകൂട്ടിയ ജില്ലാ കലക്ടര്‍മാരുടേയും ജില്ലാ സപ്ലൈ ഓഫീസര്‍മാരുടേയും ലീഗല്‍ മെട്രോളജി കണ്‍ട്രോളറുടേയും യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

കേരളത്തില്‍ മാത്രമായി വില വര്‍ധനവിന് പ്രത്യേക കാരണങ്ങളൊന്നും സർക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. അരി വില വര്‍ധനവ് നേരിടുന്നതിന് ഭക്ഷ്യ വകുപ്പ് ശക്തമായ നടപടികളെടുത്തിട്ടുണ്ട്. റേഷന്‍ കടകളിലൂടെയും സപ്ലൈകോ മാവേലി സ്‌റ്റോറുകളിലൂടെയും സഞ്ചരിക്കുന്ന മാവേലിസ്‌റ്റോറുകളിലൂടെയും കൂടുതല്‍ അരി റേഷന്‍ കാര്‍ഡുടമകള്‍ക്ക് എത്തിക്കുന്നതിന് നടപടി സ്വീകരിച്ചു. വില നിലവാരം കൃത്യമായി പ്രദര്‍ശിപ്പിക്കാത്ത കടകള്‍ക്കെതിരെ ശക്തമായ നടപടികളെടുക്കും.

കരിഞ്ചന്ത, പൂഴ്ത്തി വെപ്പ് എന്നിവ തടയുന്നതിന് ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സ്‌ക്വാഡ് രൂപവത്കരിച്ച് പരിശോധന ശക്തമാക്കണം. എല്ലാ ആഴ്ചയും വില നിലവാരം സംബന്ധിച്ച റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിക്കണമെന്നും മന്ത്രി നിര്‍ദേശം നല്‍കി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ ലഭ്യത യഥേഷ്ടം ഉറപ്പുവരുത്തണമെന്നും താലൂക്ക് തലങ്ങളില്‍ കൃത്യമായ അവലോകന മീറ്റിംഗുകള്‍ നടത്തി സ്ഥിതി വിലയിരുത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Leave a comment

Your email address will not be published. Required fields are marked *