19/04/2024
#Uncategorized

അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

അബൂബക്കര്‍ സിദ്ധിഖ് വധക്കേസില്‍ മുഖ്യപ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു

ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അസ്ഫാനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു.

കാസര്‍കോട്: സീതാംഗോളി മുഗുവിലെ അബൂബക്കര്‍ സിദ്ദിഖിനെ(32) കൊലപ്പെടുത്തിയ കേസില്‍ റിമാണ്ടില്‍ കഴിയുന്ന മുഖ്യപ്രതിയെ കോടതി പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തു. ഉപ്പള ബായാറിലെ ജെ. അസ്ഫാനെ(26)യാണ് കാസര്‍കോട് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് (രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന്റെ കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്. അസ്ഫാനെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകള്‍ക്കുമായി കസ്റ്റഡിയില്‍ കിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് അസ്ഫാനെ കസ്റ്റഡിയില്‍ വിട്ടത്. പ്രതിയെ നാളെ കൊലപാതകം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോയി തെളിവെടുക്കും. 2022 ജൂണ്‍ 26ന് രാത്രിയാണ് അബൂബക്കര്‍ സിദ്ധിഖിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി പൈവളിഗെയിലുള്ള ഇരുനില വീട്ടില്‍ തടങ്കലിലാക്കുകയും തുടര്‍ന്ന് ബോളംകള കുന്നില്‍ കൊണ്ടുപോയി ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയും ചെയ്തത്. ബോളംകള കുന്നിലെ മരത്തില്‍ തലകീഴായി കെട്ടിത്തൂക്കിയാണ് അബൂബക്കര്‍ സിദ്ധിക്കിനെ മര്‍ദ്ദിച്ചിരുന്നത്. ശരീരമാസകലം മാരകമായ മുറിവേറ്റ് അവശനിലയിലായ അബൂബക്കര്‍ സിദ്ധിഖ് മരണത്തിന് കീഴടങ്ങുകയായിരുന്നു. യുവാവിനെ സംഘം കാറില്‍ കയറ്റിക്കൊണ്ടുവന്ന് ഉപ്പള ബന്തിയോട്ടെ ആസ്പത്രിയിലെ വരാന്തയില്‍ ഉപേക്ഷിച്ച ശേഷം കടന്നുകളയുകയാണുണ്ടായത്. അബൂബക്കര്‍ സിദ്ധിഖിന്റെ ശരീരത്തില്‍ അടിയേറ്റതിന്റെ നിരവധി പാടുകള്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. ഈ സമയത്ത് സംഘം മയക്കുമരുന്ന് ഉപയോഗിച്ചതിനാലാണോ ഇത്രയും അടികള്‍ ഏല്‍പ്പിച്ചതെന്ന സംശയം പൊലീസിനുണ്ട്. ഏഴ് പ്രതികളാണ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത്. അവരില്‍ ഒരാളാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായ അസ്ഫാന്‍. കൊലപാതകത്തിന് ശേഷം ഗള്‍ഫിലേക്ക് കടന്ന അസ്ഫാനെ പിന്നീട് നാട്ടിലേക്ക് തിരിച്ചുവരുമ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നാണ് പിടികൂടിയത്. അബൂബക്കര്‍ സിദ്ധിഖ് വധവുമായി ബന്ധപ്പെട്ട് അഞ്ച് കാറുകള്‍ മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. യുവാവിനെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും പിന്നീട് ആസ്പത്രിയിലെത്തിച്ച കാറും കണ്ടെത്തേണ്ടതുണ്ട്. ഈ കാറുകള്‍ എവിടെയെന്ന് അസ്ഫാനെ വിശദമായി ചോദ്യം ചെയ്താല്‍ വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. അബൂക്കര്‍ സിദ്ധിഖിനെ അടിച്ച വടികളും ഇതുവരെ കണ്ടെത്തിയിട്ടില്ല. മരത്തില്‍ കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച കയര്‍ മാത്രമാണ് തെളിവായി കിട്ടിയത്. പ്രധാനതെളിവുകളായ വടികള്‍ എവിടെയെന്ന് കണ്ടെത്തണം. കൊലപാതകം നടത്തിയവര്‍ക്ക് ഒളിവില്‍ താമസിക്കാനും ഗള്‍ഫിലേക്ക് കടക്കാനും സഹായം നല്‍കിയവരാണ് നേരത്തെ ഈ കേസില്‍ അറസ്റ്റിലായിരുന്നത്.
മഞ്ചേശ്വരം ഉദ്യാവറിലെ റിയാസ് ഹസന്‍(33), ഉപ്പള ഭഗവതി ടെമ്പിള്‍ റോഡ് ന്യൂ റഹ്‌മത്ത് മന്‍സിലിലെ അബ്ദുല്‍റസാഖ്(46), കുഞ്ചത്തൂര്‍ നവാസ് മന്‍സിലിലെ അബൂബക്കര്‍ സിദ്ദിഖ്(33), ഉദ്യാവര്‍ ജെ.എം റോഡിലെ അബ്ദുല്‍ അസീസ്(36), അബ്ദുല്‍റഹീം(41) എന്നിവര്‍ അറസ്റ്റിലായി റിമാണ്ടില്‍ കഴിഞ്ഞിരുന്നു. ഹൈക്കോടതി ജാമ്യം നല്‍കിയതിനാല്‍ ഇവര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. അസ്ഫാന്റെ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. മുമ്പ് അറസ്റ്റിലായവര്‍ കൂടാതെ കൊലയാളികള്‍ക്ക് രക്ഷപ്പെടാന്‍ സൗകര്യമൊരുക്കിയ മറ്റുചിലരെക്കുറിച്ചുള്ള വിവരവും അസ്ഫാനെ ചോദ്യം ചെയ്യുന്നതിലൂടെ അന്വേഷണസംഘത്തിന് ലഭിക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആറ് പ്രതികള്‍ കൂടി ഇനി അറസ്റ്റിലാകാനുണ്ട്.

Leave a comment

Your email address will not be published. Required fields are marked *