28/03/2024
#Uncategorized

‘എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ല’: 17കാരന്റെ ആത്മഹത്യയിൽ അമ്മയുടെ ഹർജി ഹൈക്കോടതി തള്ളി

‘എല്ലാ കേസിലും സ്‌കൂളിനെയും അധ്യാപകരെയും കുറ്റപ്പെടുത്താനാകില്ല’: 17കാരന്റെ ആത്മഹത്യയിൽ അമ്മയുടെ ഹർജി ഹൈക്കോടതി തള്ളി.

മകൻ സ്‌കൂൾ ഹെഡ്മാസ്റ്ററുടെ ‘പീഡന’ത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് അമ്മ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ചെന്നൈ: ഒരു സ്‌കൂളിലെ എല്ലാ വിദ്യാർത്ഥികളുടെയും പ്രവൃത്തികൾക്കെല്ലാം അധ്യാപകരെയോ പ്രധാനാധ്യാപകനെയോ കുറ്റപ്പെടുത്താനാകില്ലെന്ന് പതിനേഴുകാരൻ ആത്മഹത്യ ചെയ്ത കേസിൽ മദ്രാസ് ഹൈക്കോടതി. “ ആത്മഹത്യക്കേസുകളിൽ, തെളിവുകളുടെ അഭാവത്തിൽ രക്ഷിതാക്കൾ അധ്യാപകരെയും പ്രധാനാധ്യാപകരെയും കുറ്റപ്പെടുത്തേണ്ടതില്ല,” ജസ്റ്റിസ് എസ്.എം സുബ്രഹ്മണ്യം പറഞ്ഞു. അധ്യാപകനോ പ്രധാനാധ്യാപകനോ ശാരീരികമായി മർദനമേൽപ്പിച്ച് ശിക്ഷിച്ചാൽ മാത്രമേ അവരെ വിചാരണ ചെയ്യാൻ കഴിയൂ. വിദ്യാഭ്യാസ വകുപ്പിന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം ഇത്തരം ശിക്ഷാ രീതികൾ അനുവദീയമല്ലെന്നും“ കോടതി വ്യക്തമാക്കി.

“പ്രധാനാധ്യാപകരെയും അധ്യാപകരെയും പൊതുവെ അപകീർത്തിപ്പെടുത്തുന്ന രീതി എല്ലാ സാഹചര്യങ്ങളിലും അംഗീകരിക്കാനാവില്ല. അധ്യാപകരുടെയും പ്രധാനാധ്യാപകരുടെയും പെരുമാറ്റ ദൂഷ്യം, മോശം സ്വഭാവം അല്ലെങ്കിൽ മറ്റെന്തെങ്കിലും മതിയായ തെളിവുകൾ വഴി സ്ഥാപിക്കപ്പെട്ടാൽ മാത്രമേ അവർ ആത്മഹത്യയ്ക്ക് ഉത്തരവാദികളാകൂ,” കോടതി നിരീക്ഷിച്ചു.

തന്റെ മകൻ സ്‌കൂൾ ഹെഡ്മാസ്റ്ററുടെ ‘പീഡന’ത്തെ തുടർന്നാണ് ജീവനൊടുക്കിയതെന്ന് ആരോപിച്ച് അമ്മ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 2017ൽ ആത്മഹത്യ ചെയ്ത 17കാരനും സർക്കാർ സ്‌കൂൾ വിദ്യാർത്ഥിയുമായിരുന്ന തന്റെ മകന്റെ മരണത്തിന് ഉത്തരവാദി സ്‌കൂൾ ഹെഡ്മാസ്റ്ററാണെന്ന് ആരോപിച്ചാണ് അമ്മ ഹൈക്കോടതിയെ സമീപിച്ചത്. 10 ലക്ഷം രൂപ നഷ്ടപരിഹാരത്തിനൊപ്പം സ്‌കൂളിനും പ്രധാനാധ്യാപകനുമെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നുമായിരുന്നു അമ്മയുടെ ആവശ്യം.

Leave a comment

Your email address will not be published. Required fields are marked *