20/04/2024
#Uncategorized

‘ഹോസ്റ്റലാണ്, ടൂറിസ്റ്റ് ഹോമല്ല; കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം’

‘ഹോസ്റ്റലാണ്, ടൂറിസ്റ്റ് ഹോമല്ല; കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം’

കൊച്ചി: ഹോസ്റ്റലുകള്‍ ടൂറിസ്റ്റ് ഹോമുകളല്ലെന്ന് ആരോഗ്യ സര്‍വകലാശാല ഹൈക്കോടതിയില്‍. വിദ്യാർഥികളെ ഹോസ്റ്റലില്‍ നിര്‍ത്തുന്നത് പഠിക്കാനാണ്. കുട്ടികള്‍ ഉറങ്ങേണ്ട സമയത്ത് ഉറങ്ങണം. രാത്രി 11നു ശേഷവും റീഡിങ് റൂമുകള്‍ തുറന്നുവയ്ക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തിനാണ് സർവകലാശാലയുടെ മറുപടി.

അതേസമയം, മെഡിക്കൽ കോളജ് ലേഡീസ് ഹോസ്റ്റലിലെ രാത്രികാല നിയന്ത്രണത്തിന്റെ കാര്യത്തിൽ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കർശനമായി നടപ്പിലാക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽമാർക്ക് ഹൈക്കോടതി നിർദേശം നൽകി. പുതിയ ഉത്തരവിന്റെ സാഹചര്യത്തിൽ ക്യാംപസുകളിലെ റീഡിങ് റൂമുകൾ രാത്രിയും പ്രവർത്തിക്കാമോ എന്ന കാര്യത്തിൽ സർക്കാരിനോടു വിശദീകരണം തേടി. കുട്ടികൾ ആവശ്യപ്പെട്ടാൽ രാത്രി റീഡിങ് റൂമുകൾ തുറക്കുന്ന കാര്യത്തിൽ പ്രിൻസിപ്പൽമാർ തീരുമാനമെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. രാത്രി 9.30ന് ശേഷം കുട്ടികൾക്കു ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങാമോ എന്ന കാര്യത്തിലും സർക്കാർ മറ്റന്നാൾ നിലപാടറിയിക്കണം.

രാത്രി 9.30നു ശേഷം മൂവ്‌മെന്റ് റജിസ്റ്ററിൽ വിവരങ്ങൾ രേഖപ്പെടുത്തി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരുപോലെ ഹോസ്റ്റലിൽ പ്രവേശിക്കാൻ അനുവദിക്കുന്നതാണ് ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. രണ്ടാം വർഷം മുതലുള്ള വിദ്യാർഥികൾക്കാണ് ഇതു ബാധകം.

രാത്രി 9.30നു ശേഷം ഹോസ്റ്റലിൽ നിന്നു പുറത്തിറങ്ങുന്നതു വിലക്കുന്ന ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ കോഴിക്കോട് ഗവ. മെഡിക്കൽ കോളജിലെ വിദ്യാർഥിനികൾ ഹർജി നൽകിയിരുന്നു. ഇതു ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെ, മെഡിക്കൽ കോളജ് ഹോസ്റ്റൽ പ്രവേശനത്തിൽ ലിംഗവിവേചനം ഒഴിവാക്കി സർക്കാർ ഉത്തരവിറക്കുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *