29/03/2024
#Uncategorized

സംസ്ഥാന സര്‍ക്കാര്‍ ചാനലുകള്‍ നടത്തരുത്; പരിപാടികള്‍ പ്രസാര്‍ ഭാരതിയിലൂടെ മാത്രം

 

ന്യൂഡല്‍ഹി:സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ചാനലുകള്‍ നടത്തരുതെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. കേന്ദ്ര,സംസ്ഥാന സര്‍ക്കാരുകളുടെ പരിപാടികള്‍ പ്രസാര്‍ഭാരതിയിലൂടെ മാത്രമേ സംപ്രേഷണം നടത്താന്‍ പാടുള്ളുവെന്നും വ്യക്തമാക്കി സംസ്ഥാനങ്ങള്‍ക്ക് മന്ത്രാലയം നിര്‍ദേശം നല്‍കി. മറ്റു ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന പരിപാടികള്‍ 2023 ഒക്ടോബര്‍ 31ന് മുന്‍പായി പിന്‍വലിക്കണമെന്നും നിര്‍ദേശമുണ്ട്.

ഇത്, വിവിധ ടിറ്റിഎച്ച്, ഐപിടിവി പ്ലാറ്റ് ഫോമുകളില്‍ കൂടി സംപ്രേഷണം ചെയ്യുന്ന വിക്ടേഴ്സ് അടക്കമുള്ള സര്‍ക്കാര്‍ ചാനലുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. കേന്ദ്ര ഗവണ്‍മെന്റിന്റെയും സംസ്ഥാന സര്‍ക്കാരുകളുടെയും മന്ത്രാലയങ്ങളും അവയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളും ഭാവിയില്‍ പ്രക്ഷേപണ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ ബ്രോഡ്കാസ്റ്റിങ് സംവിധാനങ്ങള്‍ വഴി നടത്താന്‍ പാടുള്ളതല്ലെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

ഭരണഘടന പ്രകാരം പോസ്റ്റ്, ടെലഗ്രാഫ്, ടെലഫോണ്‍, വയര്‍ലെസ്, ബ്രോഡ്കാസ്റ്റിങ് അടക്കമുള്ള വാര്‍ത്താ വിതരണ സംവിധാനങ്ങള്‍ കേന്ദ്ര ലിസ്റ്റില്‍ ഉള്‍പ്പെടുന്നതാണ്. ഇത് ചൂണ്ടിക്കാട്ടിയാണ് കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയം നിര്‍ദേശം നല്‍കിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളോ സര്‍ക്കാര്‍ സഹായം പറ്റുന്ന സ്ഥാപനങ്ങളോ സ്വകാര്യ മേഖലയുമായി ചേര്‍ന്ന് ബ്രോഡ്കാസ്റ്റിങ് നടത്തരുതെന്ന് 2012ല്‍ ടെലകോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായി) നിര്‍ദേശിച്ചിരുന്നു. ഈ നിര്‍ദേശം കൂടി കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നീക്കം.

 

Leave a comment

Your email address will not be published. Required fields are marked *