16/04/2024
#Uncategorized

അദാനിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ നിന്ന് രാജിവെച്ച് എന്‍.ഡി.ടി.വി പ്രൊമോട്ടര്‍മാര്‍

അദാനിക്ക് ഓഹരി പങ്കാളിത്തമുള്ള കമ്പനിയില്‍ നിന്ന് രാജിവെച്ച് എന്‍.ഡി.ടി.വി പ്രൊമോട്ടര്‍മാര്‍

എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച്) ഡയറക്ടര്‍മാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും

ന്യൂഡല്‍ഹി |  എന്‍ഡിടിവിയില്‍ നിന്ന് പ്രണോയ് റോയിയും രാധിക റോയിയും രാജിവെച്ചു. എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാന്‍ അദാനി ഗ്രൂപ്പിന് സെബി അനുവാദം നല്‍കിയതിന് പിറകെയാണ് രാജി. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ (ആര്‍ആര്‍പിആര്‍എച്ച്) ഡയറക്ടര്‍മാരായിരുന്നു പ്രണോയ് റോയിയും രാധിക റോയിയും. സുദീപ്ത ഭട്ടാചാര്യ, സഞ്ജയ് പുഗാലിയ, സെന്തില്‍ സിന്നയ്യ ചെങ്കല്‍വരയന്‍ എന്നിവര്‍ പുതിയ ഡയറക്ടര്‍മാരാകുമെന്ന് എന്‍ഡിടിവി അറിയിച്ചതായി ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

എന്‍ഡിടിവിയുടെ 26 ശതമാനം കൂടി ഓഹരി വാങ്ങാനുള്ള അദാനി ഗ്രൂപ്പിന്റെ ഓപ്പണ്‍ ഓഫര്‍ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) അംഗീകരിച്ചിരുന്നു. നവംബര്‍ 22 മുതല്‍ ഡിസംബര്‍ 5 വരെയാണ് ഓപ്പണ്‍ ഓഫറിന്റെ കാലാവധി. ഒരു ഷെയറിന് 294 രൂപയാണ് നിശ്ചയിച്ചിരിക്കുന്ന വില. എന്‍ഡിടിവിയുടെ പ്രമോട്ടര്‍ കമ്പനിയായ ആര്‍ആര്‍പിആര്‍ വഴി 29.18 ശതമാനം ഓഹരി അദാനി ഗ്രൂപ്പ് സ്വന്തമാക്കിയിരുന്നു. ഇതിന് പുറമേയാണ് സെബിയുടെ ചട്ടമനുസരിച്ച് 26 ശതമാനം ഓഹരി കൂടി വാങ്ങാനുള്ള ഓപ്പണ്‍ ഓഫര്‍ കൂടി അംഗീകരിക്കപ്പെട്ടത്. ഇത് സാധ്യമായതോടെ 55.18 ശതമാനം ഓഹരിയോടെ എന്‍ഡിടിവി അദാനി ഗ്രൂപ്പിന്റെ നിയന്ത്രണത്തിലാകും.

ആര്‍ആര്‍പിആര്‍ ഐസിഐസിഐ ബേങ്കില്‍ നിന്നെടുത്ത വായ്പ തിരിച്ചടക്കുന്നതിനായി 2009 ല്‍ വിശ്വപ്രധാന്‍ കൊമേര്‍ഷ്യല്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 400 കോടി രൂപ കടമെടുത്തിരുന്നു. ഇതിന് പകരമായി ആര്‍ആര്‍പിആറിന്റെ 99.5 ശതമാനം ഓഹരിയാണ് ഈട് വെച്ചിരുന്നത്. പിന്നീട് വിശ്വപ്രധാന്‍ അദാനി ഗ്രൂപ്പിന്റെ ഭാഗമാവുകയായിരുന്നു. കടമെടുത്ത തുകയ്ക്ക് പകരം ആര്‍ആര്‍പിആറിന്റെ ഓഹരികള്‍ സ്വന്തമാക്കാനുള്ള അവകാശത്തെയാണ് അദാനി ഗ്രൂപ്പ് ഉപയോഗിച്ചത്.്

Leave a comment

Your email address will not be published. Required fields are marked *