28/03/2024
#Uncategorized

കൊവിഡ്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

കൊവിഡ്: ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണം.

തിരുവനന്തപുരം : ചൈനയില്‍ പടരുന്ന അതിവേഗ വ്യാപന ശേഷിയുള്ള കൊവിഡ് ഒമിക്രോണ്‍ ഉപവകഭേദമായ ബി എഫ്7 ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനു പിന്നാലെ സംസ്ഥാനത്തും ജാഗ്രത. കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതോടെ എല്ലാ ജില്ലകള്‍ക്കും ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ മന്ത്രി വീണാ ജോര്‍ജും വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യത്ത് കൊവിഡ് ഒമിക്രോണ്‍ ഉപവകഭേദമായ ബി എഫ്7 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇന്നലെ മന്ത്രി വീണാ ജോര്‍ജിന്റെ അധ്യക്ഷതയില്‍ പ്രത്യേക യോഗം ചേര്‍ന്നിരുന്നു. പുതിയ വകഭേദങ്ങളെ കണ്ടെത്താന്‍ ജനിതക ശ്രേണീകരണം ശക്തിപ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്.

ഈമാസം സംസ്ഥാനത്ത് ആകെ 1,431 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികളും വളരെ കുറവാണ്. എന്നാല്‍, പുതിയ കൊവിഡ് വകഭേദത്തിന് വ്യാപന ശേഷി കൂടുതലായതിനാല്‍ എല്ലാ ജില്ലകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തമാക്കണമെന്ന് ആരോഗ്യ മന്ത്രി നിര്‍ദേശം നല്‍കി.

അവധിക്കാലത്ത് കൂടുതല്‍ ശ്രദ്ധ വേണം. വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണം. രോഗലക്ഷണമുള്ളവര്‍ നിര്‍ബന്ധമായും കൊവിഡ് പരിശോധന നടത്തണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു.

Leave a comment

Your email address will not be published. Required fields are marked *