29/03/2024
#Uncategorized

അണങ്കൂരില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ മൂന്നാംഘട്ട സമരം തുടങ്ങി

അണങ്കൂരില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റിയുടെ മൂന്നാംഘട്ട സമരം തുടങ്ങി

 

കാസര്‍കോട്: നാഷണല്‍ ഹൈവേ 66 ദേശീയ പാതയുടെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ അണങ്കൂരില്‍ ഇതുവരെയായി അടിപ്പാത അനുവദിച്ചു കാണാത്തതില്‍ പ്രതിഷേധിച്ച് മൂന്നാംഘട്ട സമരത്തിന്റെ ഭാഗമായി രാപ്പകല്‍ സമരം ആരംഭിച്ചു.
ദിനം പ്രതി ആയിരങ്ങള്‍ കടന്നുപോകുകയും ആതുര ശുശ്രൂഷ കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, ആരാധനാലയങ്ങള്‍, ഭജനമന്ദിരങ്ങള്‍, ജന സേവന കേന്ദ്രങ്ങള്‍, കെട്ടിട സമുച്ചയങ്ങളൊക്കെ പ്രവര്‍ത്തിക്കുന്ന, നഗരസഭയുടെ നിരവധി വാര്‍ഡുകളിലുള്ളവര്‍ ഒരു പോലെ ആശ്രയിക്കുന്ന നഗരത്തിന്റെ പ്രധാന ഭാഗമായ അണങ്കൂരില്‍ അടിയന്തിരമായി അണ്ടര്‍ പാസ് അനുവദിച്ചു കിട്ടിയില്ലെങ്കില്‍ ജനജീവിതത്തെ അത് ദുസ്സഹമായി ബാധിക്കുമെന്ന് രാപ്പകല്‍ സമരത്തില്‍ സംബന്ധിച്ചവര്‍ വ്യക്തമാക്കി.
എന്‍ എ നെല്ലിക്കുന്ന് എം.എല്‍.എ സമരം ഉദ്ഘാടനം ചെയ്തു. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ പി രമേഷ് അധ്യക്ഷത വഹിച്ചു. സമരത്തിന് അഭിവാദ്യം ചെയ്തുകൊണ്ട് ആക്ഷന്‍ കമ്മിറ്റിയുടെ ട്രഷറര്‍ പി എ സത്താര്‍ ഹാജി, മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുറഹ്‌മാന്‍, ബിജെപി ജില്ലാപ്രസിഡണ്ട് രവീശ തന്ത്രി കുണ്ടാര്‍, സിപിഎം ഏരിയ സെക്രട്ടറി ടി എം എ കരീം, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി എ അഷ്‌റഫലി, ഐഎന്‍എല്‍ ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡണ്ട് അഹമ്മദ് ശരീഫ്, ബസ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് കെ ഗിരീഷ് എന്നിവര്‍ സംസാരിച്ചു. ആക്ഷന്‍ കമ്മിറ്റിയുടെ ജനറല്‍ കണ്‍വീനര്‍ മജീദ് കൊല്ലമ്പാടി സ്വാഗതവും ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് അശോകന്‍ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *