ഗസ്സയിലെ സാംസ്‌കാരികകേന്ദ്രവും സ്‌കൂളുംആക്രമിക്കും; ഇസ്റാഈല്‍
ഇസ്റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 8,000 കടന്നിരിക്കുകയാണ്. ഇപ്പോള്‍ ഗസ്സയിലെ സാംസ്‌കാരിക കേന്ദ്രവും സ്‌കൂളും ആക്രമിക്കുമെന്ന് ഇസ്റാഈല്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.
ഗസ്സ ഭരണകൂടത്തിന്റെ മാധ്യമ വിഭാഗത്തെ ഉദ്ധരിച്ച് ജോര്‍ദാന്‍ ചാനലായ റുഅ്യാ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഗസ്സയിലുള്ള അറബ് ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ ആന്‍ഡ് സോഷ്യല്‍ സെന്ററിനും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് പാട്രിയാക്കേറ്റ് സ്‌കൂളിനുമാണ് മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്.
ഇസ്റാഈല്‍ ആക്രമണം തുടരുന്ന സാഹചര്യത്തില്‍ രണ്ടുസ്ഥലത്തുമായി നൂറുകണക്കിന് ഫലസ്തീനികള്‍ അഭയം തേടിയിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് കള്‍ച്ചറല്‍ സെന്ററില്‍ ആയിരത്തോളം പേരും ഗ്രീക്ക് സ്‌കൂളില്‍ 500ലേറെ പേരും അഭയാര്‍ത്ഥികളായി കഴിയുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനിടെ, ഗസ്സയില്‍ അടിയന്തര മാനുഷിക സഹായങ്ങളുമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ കേന്ദ്രമായ റെഡ് ക്രസന്റ് ആസ്ഥാനത്തിനടുത്തും ഇസ്റാഈല്‍ ആക്രമണം നടന്നു. ഇതിനു പുറമെ ഗസ്സയിലെ ആശുപത്രികളെ ലക്ഷ്യമിട്ടും ഇസ്റാഈല്‍ ആക്രമണമുണ്ടായി.