05/02/2025
#Kerala

മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെജുഡീഷ്യല്‍ അന്വേഷണറിപ്പോര്‍ട്ട് ഞെട്ടിക്കുന്നത് : അതിജീവിത

മെമ്മറി കാര്‍ഡ് ചോര്‍ന്നതിലെ ജുഡീഷ്യല്‍ അന്വേഷണ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതെന്ന് അതിജീവിത. ഈ കോടതിയില്‍ എന്റെ സ്വകാര്യത സുരക്ഷിതമല്ലെന്നത് തന്നെ ഭയപ്പെടുത്തുന്നുവെന്നും കോടതി കസ്റ്റഡിയിലിരുന്ന മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു പലവട്ടം മാറിയത് സ്വകാര്യതയുടെ ലംഘനമാണെന്നും അതിജീവിത പറഞ്ഞു. താന്‍ പ്രത്യാശ നഷ്ടപപ്െടാതെ നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും അതിജീവിത കുറിച്ചു. ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

നടിയെ ആക്രമിച്ച കേസില്‍ മെമ്മറികാര്‍ഡ് പരിശോധിച്ചതിലെ അന്വേഷണ റിപ്പോര്‍ട്ടിനാധാരമായ സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് നല്‍കണമെന്ന് ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടിക്ക് റിപ്പോര്‍ട്ട് ലഭിക്കുന്നതും തുടര്‍ന്ന് നടിയുടെ പ്രതികരണം വരികയും ചെയ്തത്.

അതിജീവിതയുടെ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ശ്രദ്ധേയമായ ഉത്തരവ്. സാക്ഷിമൊഴികള്‍ അതിജീവിതയ്ക്ക് ലഭിക്കേണ്ടതാണെന്നും അതിജീവിതയുടെ ആവശ്യം നിലനില്‍ക്കുമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.അതിജീവിതയുടെ ആവശ്യം നിരസിക്കാന്‍ കാരണങ്ങളില്ലെന്ന് പറഞ്ഞ ജസ്റ്റിസ് കെ ബാബു മറ്റ് ആവശ്യങ്ങളില്‍ മെയ് 30ന് വാദം കേള്‍ക്കുമെന്ന് അറിയിച്ചു. ഇതിനിടെ അന്വേഷണ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചുവെന്ന കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദം ഹൈക്കോടതി തള്ളി. വസ്തുതാ അന്വേഷണ റിപ്പോര്‍ട്ട് രഹസ്യ റിപ്പോര്‍ട്ടല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് നിയമ വിരുദ്ധമായി പരിശോധിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക പൊലീസ് സംഘം അന്വേഷിക്കണമെന്നാണ് അതിജീവിതയുടെ ആവശ്യം. ജഡ്ജി ഹണി എം വര്‍ഗീസ് സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ട് തള്ളണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികളെ സംരക്ഷിക്കുന്ന രീതിയിലാണ് ഹണി എം വര്‍ഗീസ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്നും വിമര്‍ശനമുണ്ട്.

Leave a comment

Your email address will not be published. Required fields are marked *