05/02/2025
#National

ജനറല്‍ ടിക്കറ്റെടുത്ത് എ.സി കോച്ചില്‍ കയറി;യുവതിയെ ഓടുന്ന ട്രെയിനില്‍നിന്ന് ടിടിഇ തള്ളിയിട്ടതായി പരാതി

ഫരീദാബാദ്-ഹരിയാനയിലെ ഫരീദാബാദില്‍ ജനറല്‍ ടിക്കറ്റെടുത്ത് എ.സി കോച്ചില്‍ കയറിയ 40കാരിയെ ഓടുന്ന ട്രെയിനില്‍ നിന്ന് ടിടിഇ തള്ളിയിട്ടതായി പരാതി.

ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ യുവതിയുടെ തലയ്ക്കും കൈക്കും കാലുകള്‍ക്കും പരുക്കേറ്റു. കോച്ച് മാറിക്കയറിയതിന് യുവതിയോട് ടി.ടി.ഇ ക്ഷുഭിതനാകുകയും അവരുടെ ബാഗുകള്‍ ട്രെയിനിന് പുറത്തേക്ക് വലിച്ചെറിയുകയുമായിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നീങ്ങിക്കൊണ്ടിരിക്കെ യുവതിയെ തള്ളിയിടുകയുമായിരുന്നു.

ഫരീദാബാദിലെ എസ്ജിജെഎം നഗറിലെ ഭാവന എന്ന യുവതിയോടാണ് ടിടിഇ ക്രൂരമായി പെരുമാറിയത്. ഭാവന ഝാന്‍സിയില്‍ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് സംഭവമുണ്ടായത്. ട്രെയിന്‍ പുറപ്പെടാനായപ്പോള്‍ യുവതി ധൃതിയില്‍ എസി കോച്ചില്‍ ഓടിക്കയറുകയായിരുന്നു. ഇതുകണ്ട ടി.ടി.ഇ കോച്ചില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. അടുത്ത സ്റ്റേഷനിലെത്തിയാല്‍ കോച്ച് മാറിക്കയറാമെന്ന് യുവതി ടി.ടി.ഇയോട് പറഞ്ഞെങ്കിലും ടി.ടി.ഇ സമ്മതിച്ചില്ല. പിഴ ഈടാക്കാന്‍ യുവതി ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് ക്ഷുഭിതനായ ടി.ടി.ഇ യുവതിയെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിടുകയായിരുന്നു.

ട്രെയിനില്‍ നിന്ന് താഴെ വീണ യുവതി ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയില്‍ കുടുങ്ങിയ അവസ്ഥയിലായിരുന്നു. സംഭവം നേരില്‍ കണ്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉടന്‍ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തുകയും യുവതിയെ പുറത്തെടുക്കുകയുമായിരുന്നു. യുവതിയെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരുക്കേറ്റ സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 10 മിനിറ്റോളം വൈകി. യുവതിയെ തള്ളിയിട്ട ടി.ടി.ഇ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കെതിരെ പോലീസ് വധശ്രമത്തിന് കേസെടുത്തു. ടിടിഇയെ പിടികൂടാന്‍ തിരച്ചില്‍ ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *