05/02/2025
#World

ബംഗ്ലാദേശില്‍ട്രെയിനിന് തീപിടിച്ച്4 പേര്‍ കൊല്ലപ്പെട്ടു; തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ശ്രമമെന്ന് പൊലീസ്

ബംഗ്ലാദേശില്‍ ട്രെയിനിന് തീപിടിച്ച് 4 പേര്‍ കൊല്ലപ്പെട്ടു. ഇന്ത്യയുടെ പശ്ചിമ ബംഗാള്‍ അതിര്‍ത്തിയിലുള്ള തുറമുഖ പട്ടണമായ ബെനാപോളില്‍ നിന്ന് തലസ്ഥാന നഗരമായ ധാക്കയിലേക്ക് വരികയായിരുന്ന ബെനാപോള്‍ എക്സ്പ്രസിലാണ് തീപിടിത്തമുണ്ടായത്. ജനുവരി 7ന് നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പൊതുതെരഞ്ഞെടുപ്പ് പ്രധാന പ്രതിപക്ഷമായ ബിഎന്‍പി ബഹിഷ്‌കരിച്ചതുമായി ബന്ധപ്പെട്ട് നടന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള തീവയ്പ്പാണോ എന്നും സംശയിക്കുന്നുണ്ട്.

കമലാപൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. പ്രാദേശിക സമയം രാത്രി 9 മണിയോടെ ധാക്ക റെയില്‍വേ സ്റ്റേഷനിലേക്ക് ട്രെയിന്‍ നീങ്ങുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. നിരവധി പേര്‍ക്ക് പരുക്കുണ്ട്. ഇവരെ ധാക്ക മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാസഞ്ചര്‍ ട്രെയിനിന്റെ നാല് കോച്ചുകള്‍ കത്തിനശിച്ചു. ഏഴ് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.

ട്രെയിനില്‍ 292 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഭൂരിഭാഗവും ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നെന്ന് റെയില്‍വേ അധികൃതര്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് മുന്നോടിയായി ആളുകളെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ള തീപിടിത്തം വ്യക്തമായ അട്ടിമറിയാണെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസിലെ അഡീഷണല്‍ പോലീസ് കമ്മീഷണര്‍ മഹിദ് ഉദ്ദീന്‍ പറഞ്ഞു. ഒരു രാഷ്ട്രീയ പാര്‍ട്ടിയെയോ ഗ്രൂപ്പുകളെയോ സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞിട്ടില്ല. എന്നാല്‍ ഉത്തരവാദികളെ ഉടന്‍ കണ്ടെത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *