05/02/2025
#Kerala

പ്രധാനമന്ത്രി നരേന്ദ്രമോദിഇന്ന് കേരളത്തിലെത്തും; തൃശ്ശൂരില്‍ റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. ഉച്ചയോടെ കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി തുടര്‍ന്ന് തൃശ്ശൂരിലേക്ക് പോകും. തൃശ്ശൂരില്‍ തേക്കിന്‍കാട് മൈതാനം ചുറ്റിയുള്ള റോഡ് ഷോ ഉണ്ടാകും. ഇതിന് ശേഷം മഹിളാ സംഗമത്തില്‍ മോദി സംസാരിക്കും. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തൃശ്ശൂരില്‍ പൂര്‍ത്തിയായി. നഗരത്തിലും പ്രധാനമന്ത്രി വരുന്ന വഴികളിലും മൂവായിരത്തിലധികം പോലീസുകാരെ വിന്യസിക്കും

രണ്ട് മണിക്ക് കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടില്‍ പ്രധാനമന്ത്രി വന്നിറങ്ങും. രണ്ടേകാലോടെ സ്വരാജ് റൗണ്ടില്‍ പ്രവേശിക്കും. തുടര്‍ന്ന് നായ്ക്കനാല്‍ വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ. അതിന് ശേഷം മഹിളാ സമ്മേളന വേദിയിലേക്ക് എത്തും. ബീനാ കണ്ണന്‍, വൈക്കം വിജയലക്ഷ്മി, ഉമാ പ്രേമന്‍, മറിയക്കുട്ടി, മിന്നുമണി, ശോഭന എന്നിവര്‍ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടും.

ഏഴ് ജില്ലകളില്‍ നിന്നുള്ള രണ്ട് ലക്ഷം വനിതകള്‍ സമ്മേളനത്തിന്റെ ഭാഗമാകുമെന്ന് ബിജെപി അറിയിച്ചു. തൃശ്ശൂര്‍ നഗരത്തിന്റെ സുരക്ഷ എസ് പി ജി ഏറ്റെടുത്തിട്ടുണ്ട്. പരിപാടി റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *