യൂത്ത് കോണ്‍ഗ്രസ് വ്യാജരേഖ കേസ്:രാഹുല്‍ മാങ്കൂട്ടത്തിലിനെഇന്ന് ചോദ്യം ചെയ്യും
തിരുവനന്തപുരം – യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വ്യാജരേഖ കേസില്‍ സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തിലിനെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും.
രാവിലെ പത്തു മണിക്ക് മ്യൂസിയം സ്റ്റേഷനില്‍ ഹാജരാകാന്‍ കഴിഞ്ഞ ദിവസം രാഹുലിന് നോട്ടീസ് നല്‍കിയിരുന്നു. കന്റോണ്‍മെന്റ് അസി.കമ്മീഷണറുടെ നേതൃത്വത്തിലായിരിക്കും ചോദ്യം ചെയ്യല്‍. കേസില്‍ രാഹുലുമായി അടുത്ത ബന്ധമുള്ള നാല് പേരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ക്ക് സിജെഎം കോടതി ജാമ്യം അനുവദിച്ചു. ഇതിനെതിരെ പോലീസ് അപ്പീല്‍ നല്‍കും.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ വ്യാപകമായി നിര്‍മിച്ചെന്ന പരാതിയിലാണ് അന്വേഷണം പുരോഗമിക്കുന്നത്. കാര്‍ഡുകള്‍ വ്യാജമായി ഉണ്ടാക്കിയതിന്റെയും ഓണ്‍ലൈനായി കൈമാറിയതിന്റെയും എല്ലാം രേഖകള്‍ പോലീസിയന് ലഭിച്ചിട്ടുണ്ട്. സാമൂഹികമാധ്യമം വഴിയുള്ള ഇവരുടെ ചാറ്റുകളും തെളിവുകളായി ശേഖരിച്ചിട്ടുണ്ട്.
വ്യാജരേഖ ചമയ്ക്കല്‍, ആള്‍മാറാട്ടം, തുടങ്ങിയ വകുപ്പുകളും ഐ.ടി. ആക്ട് പ്രകാരമുള്ള വകുപ്പുകളും ചേര്‍ത്താണ് നാല് പേര്‍ക്ക് എതിരെ കേസടുത്തിരിക്കുന്നത്.