ഫിഫ്റ്റിക്ക് പിന്നാലെകോലി മടങ്ങി; ഇന്ത്യയ്ക്ക് വന്‍ തിരിച്ചടി
ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യക്ക് 4 വിക്കറ്റ് നഷ്ടം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് ശുഭ്മന്‍ ഗില്‍, രോഹിത് ശര്‍മ, ശ്രേയാസ് അയ്യര്‍, വിരാട് കോലി എന്നിവരെയാണ് നഷ്ടമായത്. കോലി മടങ്ങിയത് ഇന്ത്യക്ക് കനത്ത തിരിച്ചടിയായി.
29ആം ഓവറിലെ മൂന്നാം പന്തില്‍ ഓസീസ് നായകന്‍ പാറ്റ് കമ്മിന്‍സാണ് കോലിയെ വീഴ്ത്തിയത്. ഷോര്‍ട്ട് ബോള്‍ തട്ടിയിടാന്‍ ശ്രമിച്ച കോലി പ്ലെയ്ഡ് ഓണ്‍ ആവുകയായിരുന്നു. 63 പന്തുകള്‍ നേരിട്ട് 54 റണ്‍സ് നേടിയ കോലി നാലാം വിക്കറ്റില്‍ കെഎല്‍ രാഹുലുമൊത്ത് 67 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തുകയും ചെയ്തു.
ശുഭ്മന്‍ ഗില്‍ വേഗം പുറത്തായെങ്കിലും ആക്രമിച്ചുകളിച്ച രോഹിത് ശര്‍മയും വിരാട് കോലിയും ചേര്‍ന്ന് ഇന്ത്യക്ക് നല്ല തുടക്കം നല്‍കി. എന്നാല്‍, ഗ്ലെന്‍ മാക്‌സ്വലിനെ തുടരെ മൂന്നാം തവണ ബൗണ്ടറി കടത്താനുള്ള രോഹിതിന്റെ ശ്രമം ഒരു അവിശ്വസനീയ ക്യാച്ചിലൂടെ ട്രവിസ് ഹെഡ് അവസാനിപ്പിച്ചതോടെ ഇന്ത്യ ബാക്ക് ഫൂട്ടിലായി. തൊട്ടടുത്ത ഓവറില്‍ ശ്രേയാസ് അയ്യര്‍ (4) പാറ്റ് കമ്മിന്‍സിനു മുന്നില്‍ വീണു. പിന്നീട് നാലാം വിക്കറ്റില്‍ വളരെ ശ്രദ്ധയോടെ ബാറ്റ് ചെയ്ത കോലി- രാഹുല്‍ സഖ്യം ഇന്ത്യയെ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. ഇതിനിടയിലാണ് കമ്മിന്‍സിന്റെ പ്രഹരം.
ആറാം നമ്പരില്‍ സൂര്യകുമാര്‍ യാദവിനു പകരം രവീന്ദ്ര ജഡേജയാണ് ക്രീസിലെത്തിയത്.
30 ഓവറില്‍ 4 വിക്കറ്റ് നഷ്ടപ്പെടുത്തി 152 റണ്‍സാണ് നിലവില്‍ ഇന്ത്യ നേടിയിരിക്കുന്നത്.