മന്ത്രി വി ശിവന്‍കുട്ടിക്ക്വയനാട്ടില്‍ കരിങ്കൊടി
കല്‍പ്പറ്റ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നേരെ വയനാട്ടില്‍ കരിങ്കൊടി പ്രതിഷേധം.
മലബാറില്‍ പ്ലസ് വണ്‍ സീറ്റുകളുടെ അപര്യാപ്തത ചൂണ്ടിക്കാട്ടി എം എസ് എഫ് പ്രവര്‍ത്തകരാണ് കമ്ബളക്കാട്ട് വെച്ച് മന്ത്രിയെ കരിങ്കൊടി കാണിച്ചത്.
വിദ്യാഭ്യാസ മേഖലയില്‍ മലബാറിനോടുള്ള പിണറായി സര്‍ക്കാറിന്റെ അവഗണന അവസാനിപ്പിക്കണമെന്നും പ്രൊഫ.വി കാര്‍ത്തികേയന്‍ റിപ്പോര്‍ട്ട് പര്യസ്യ പെടുത്തി നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് കല്‍പ്പറ്റയില്‍ കഴിഞ്ഞ ദിവസം എം എസ് എഫ് സമര പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഇന്ന് മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ചത്.
വിവിധ പരിപാടികളില്‍ പങ്കെടുക്കാനാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി വയനാട്ടിലെത്തിയത്. രാവിലെ പത്തിന് മാനന്തവാടി ഗവ. യു പി സ്‌കൂളില്‍ നടക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടി മന്ത്രി ഉദ്ഘാടനം ചെയ്യും. ഉച്ചക്ക് 12.30ന് കല്‍പ്പറ്റ ഗവ. ഐ ടി ഐ സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സിന്റെ തറക്കല്ലിടല്‍ നിര്‍വഹിക്കും. രണ്ടിന് വടുവന്‍ചാല്‍ ജി എച്ച് എസ് എസ് സ്‌കൂളില്‍ പൂര്‍ത്തീകരിച്ച ബാംബൂ പാര്‍ക്ക്, പ്രീ പ്രൈമറി പാര്‍ക്ക്, ഗണിത പാര്‍ക്ക്, സ്‌പോര്‍ട്‌സ് അക്കാദമി, പി ടി എയുടെ നേതൃത്വത്തില്‍ ആരംഭിച്ച സ്‌കൂള്‍ ബസ്, സ്‌കൂള്‍ വെബ്‌സൈറ്റ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിക്കും. മൂന്നിന് മീനങ്ങാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന വിജയോത്സവം പരിപാടിയും മന്ത്രി ഉദ്ഘാടനം ചെയ്യും.