ഏഴ് സംസ്ഥാനങ്ങളില്‍ബി ജെ പിക്ക് എം പിമാരില്ല
ന്യൂഡല്‍ഹി – ലോക്‌സഭയില്‍ 400 സീറ്റ് ലക്ഷ്യവുമായി തിരഞ്ഞെടുപ്പിനിറങ്ങിയ ബി ജെ പി പല സംസ്ഥാനങ്ങളിലും നേരിട്ടത് വലിയ തിരിച്ചടി.
ചില സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ സീറ്റ് നഷ്ടമുണ്ടായപ്പോള്‍ ഏഴ് സംസ്ഥാനങ്ങളില്‍ ഒരു സീറ്റ് പോലും അവര്‍ക്ക് ലഭിച്ചില്ല.
തമിഴ്നാട്, പഞ്ചാബ്, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, സിക്കിം എന്നിവിടങ്ങളിലാണ് ബി ജെ പിക്ക് ആരെയും ജയിപ്പിക്കാന്‍ കഴിയാതെ വന്നത്.
ചണ്ഡീഗഢ്, ലഡാക്ക്, ലക്ഷദ്വീപ്, പുതുച്ചേരി എന്നീ കേന്ദ്ര ഭരണപ്രദേശങ്ങളിലും ബി ജെ പിക്ക് നിലംതൊടാനായില്ല. ചിലയിടങ്ങളില്‍ ബി ജെ പി മത്സര രംഗത്തുണ്ടായിരുന്നില്ല. ചണ്ഡീഗഢിലെ ഏക സീറ്റില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി മനീഷ് തിവാരിയോട് ബി ജെ പിയുടെ സഞ്ജയ് ടണ്ടന്‍ തോറ്റു. ലഡാക്കിലെ ഏക സീറ്റിലും ബി ജെ പി തോറ്റു.
മണിപ്പൂരിലെ ഇന്നര്‍ മണിപ്പൂര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സിനോട് തോറ്റപ്പോള്‍ ഔട്ടര്‍ മണിപ്പൂരില്‍ എന്‍ ഡി എ സഖ്യകക്ഷിയായ എന്‍ പി എഫ് സ്ഥാനാര്‍ഥിയും പരാജയമറിഞ്ഞു. മേഘാലയിലും നാഗാലാന്‍ഡിലും ബി ജെ പിയുടെ പാര്‍ട്ടി ചിഹ്നത്തില്‍ സ്ഥാനാര്‍ഥികളുണ്ടായിരുന്നില്ല.
ഒരു മണ്ഡലം മാത്രമുള്ള മിസോറാമിലും പുതുച്ചേരിയിലും സിക്കിമിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ തോറ്റു. പുതുച്ചേരിയില്‍ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥിയോടായിരുന്നു തോല്‍വി.
തമിഴ്‌നാട്ടില്‍ സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ അടക്കമുള്ള എല്ലാ ബി ജെ പി സ്ഥാനാര്‍ഥികളും പരാജയപ്പെട്ടു. പഞ്ചാബിലെ 13 സീറ്റുകളിലും ബി ജെ പി സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടു.
ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ ബി ജെ പി നേരിട്ടത് വലിയ തിരിച്ചടിയാണ്. രാജ്യത്താകെ ബി ജെ പിക്ക് 240 സീറ്റുകളും എന്‍ ഡി എക്ക് 292 സീറ്റുകളുമാണുള്ളത്. 2019ലെ തിരഞ്ഞെടുപ്പില്‍ 303 സീറ്റുകളാണ് ബി ജെ പി ഒറ്റക്ക് നേടിയത്. കേവല ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ ബി ജെ പി തനിച്ച് നേടി. ബി ജെ പി കൊടുങ്കാറ്റില്‍ എന്‍ ഡി എ മുന്നണിയുടെ അക്കൗണ്ടില്‍ 353 സീറ്റുകളെത്തി. ബി ജെ പിയുടെ പ്രതീക്ഷകള്‍ ഇത്തവണ പക്ഷേ ഇന്ത്യ സഖ്യം തകിടം മറിച്ചു.