ഗവര്‍ണര്‍ക്ക് തിരിച്ചടി; കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശം റദ്ദാക്കി ഹൈക്കോടതി
കേരള സര്‍വകലാശാല സെനറ്റിലേക്കുള്ള നാമനിര്‍ദേശത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് തിരിച്ചടി. സെനറ്റിലേക്കുള്ള നാല് അംഗങ്ങളുടെ ഗവര്‍ണറുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശം. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് പുതിയ നടപടി.
കേരള സര്‍വകലാശാല നിയമപ്രകാരം ഹ്യുമാനിറ്റീസ്, ശാസ്ത്രം, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലര്‍ത്തുന്ന നാല് പേരെ ചാന്‍സ്ലറായ ഗവര്‍ണര്‍ക്ക് സെനറ്റിലേക്ക് ശുപാര്‍ശ ചെയ്യാം. സര്‍വകലാശാലയില്‍ നിന്ന് നല്‍കുന്ന പട്ടികയിലെ യോഗ്യരായ വിദ്യാര്‍ത്ഥികളെ ചാന്‍സലര്‍ നാമനിര്‍ദേശം ചെയ്യുന്നതാണ് കീഴ്വഴക്കം. സര്‍വകലാശാല എട്ട് പേരെ നാമനിര്‍ദേശം ചെയ്തിരുന്നു. ഈ ലിസ്റ്റിലെ എട്ട് പേരില്‍ ഒരാളെയും പരിഗണിക്കാതെയാണ് ചാന്‍സലര്‍ നാല് പേരെ നാമനിര്‍ദേശം ചെയ്തത്.