ഇറാനില്‍പ്രസിഡന്റ് തിരഞ്ഞെടുപ്പ്ജൂണ്‍ 28ന്
ടെഹ്‌റാന്‍- ഇറാനില്‍ 14ാമത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് ജൂണ്‍ 28 ന് നടക്കും. നിലവില്‍ താല്‍ക്കാലിക പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന മുഹമ്മദ് മുഖ്ബര്‍, ജുഡീഷ്യറി ചീഫ് ഗൊലാംഹുസൈന്‍ മൊഹ്സെനി-ഇജെയ്, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബക്കര്‍ ഖാലിബാഫ്, നിയമകാര്യ വൈസ് പ്രസിഡന്റ് മുഹമ്മദ് ദെഹ്ഖാന്‍, ഇറാനിയന്‍ ഭരണഘടനാ സമിതിയുടെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തിലാണ് തിരഞ്ഞെടുപ്പ് തീയതി നിശ്ചയിച്ചത്.
ഇറാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 131 അനുസരിച്ച് പ്രസിഡന്റ് അധികാരത്തിലിരിക്കെ മരിക്കുകയോ, അസുഖബാധിതനാവുകയോ ചെയ്താല്‍ പരമോന്നത നേതാവിന്റെ അനുമതിയോടെ രാജ്യത്തെ ആദ്യത്തെ വൈസ് പ്രസിഡന്റിന് ഇടക്കാല പ്രസിഡന്റാകാം. 50 ദിവസത്തിനുള്ളില്‍ പുതിയ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം. 2025ലാണ് ഇനി ഇറാനില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.
ഞായറാഴ്ച വൈകീട്ടാണ് ഇബ്‌റാഹീം റെയ്‌സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇബ്രാഹീം റെയ്‌സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും ഇറാനിലേക്ക് മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്നുവീണതായി കണ്ടെത്തിയത്. സണ്‍ഗുണ്‍ എന്ന ചെമ്ബ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മോശം കാലാവസ്ഥയും കനത്ത മൂടല്‍ മഞ്ഞും കാരണംകോപ്റ്റര്‍ ഇടിച്ചിറക്കുകയായിരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അപകടം കഴിഞ്ഞ് ഏറെ മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായത്. ഇന്നലെ രാവിലെയോടെയാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലയിടുക്കില്‍ കണ്ടെത്തിയത്. പിന്നെയും ഏറെ സമയത്തെ തിരച്ചിലിന് ഒടുവിലാണ് റെയ്‌സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുക്കാനായത്.