05/02/2025
#Kerala

അരവിന്ദ് കെജ്രിവാള്‍ ഇന്ന്തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങും

ന്യൂഡല്‍ഹി- മദ്യനയ അഴിമതിക്കേസില്‍ ഇടക്കാല ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ ഇന്ന് മുതല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങും.

തെക്കന്‍ ഡല്‍ഹിയിലാണ് ഇന്നത്തെ റോഡ് ഷോ. ഉച്ചയ്ക്ക് ഒരുമണിക്ക് കെജ്രിവാളിന്റെ വാര്‍ത്ത സമ്മേളനവുമുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചാകും അദ്ദേഹത്തിന്റെ പ്രചാരണം.

കെജ്രിവാളിന്റെ വരവ് ഇന്‍ഡ്യ മുന്നണിക്കും വലിയ ഊര്‍ജമാണ് നല്‍കിയിരിക്കുന്നത്. ഡല്‍ഹിയിലെ ഏഴും ഹരിയാനയിലെ മുഴുവന്‍ സീറ്റുകളിലും വന്‍ വിജയമാണ് ഇന്‍ഡ്യ സഖ്യം പ്രതീക്ഷിക്കുന്നത്.

50 ദിവസം നീണ്ടുനിന്ന ജയില്‍വാസത്തിനൊടുവിലാണ് കെജ്രിവാള്‍ ഇന്നലെ ജയില്‍ മോചിതനായത്. തിഹാര്‍ ജയിലിലെ നാലാം നമ്ബര്‍ ഗേയ്റ്റ് വഴിയാണ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും പുറത്തിറങ്ങിയ കെജ്രിവാളിന് ഉജ്വലവരവേല്‍പ്പാണ് ആംആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. പുറത്തിറങ്ങിയ ശേഷം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കെജ്രിവാള്‍ സംസാരിച്ചു.

പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും നന്ദി. പറഞ്ഞത് പോലെ താന്‍ തിരിച്ചുവന്നു.
ഏകാധിപത്യത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കണമെന്നും ഇതിനായി രാജ്യത്തെ 140 കോടി ജനങ്ങളും ഒന്നിച്ച് പോരാടണമെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ഉള്‍പ്പെടെ ആം ആദ്മി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ എത്തിയാണ് കെജ്രിവാളിനെ തിഹാര്‍ ജയിലിനു മുന്നില്‍ നിന്നും സ്വീകരിച്ചത്.

മദ്യനയ അഴിമതിക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീംകോടതി ഉത്തരവ് ഇറങ്ങിയത് വെള്ളിയാഴ്ച ഉച്ചയോടെയാണ്. ജാമ്യം അനുവദിച്ചത് ജൂണ്‍ ഒന്ന് വരെയാണ്. ജൂണ്‍ രണ്ടിന് കെജ്രിവാള്‍ ജയിലിലേക്ക് മടങ്ങണമെന്നാണ് കോടതി ഉത്തരവ്. സുപ്രീംകോടതി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചാണ് കെജ്രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ചത്.

Leave a comment

Your email address will not be published. Required fields are marked *