05/02/2025
#Kerala

സംസ്ഥാനത്ത്പരിഷ്‌കരിച്ച ഡ്രൈവിംഗ്ടെസ്റ്റ് നാളെ മുതല്‍

തിരുവനന്തപുരം- പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്താനുറച്ച് സംസ്ഥാന മോട്ടാര്‍ വാഹനവകുപ്പ്. ടെസ്റ്റിന് തീയതി ലഭിച്ച അപേക്ഷകര്‍ വെള്ളിയാഴ്ച മുതല്‍ സ്വന്തം വാഹനവുമായി എത്തണമെന്നാണ് നിലവിലെ നിര്‍ദേശം.മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.

കെഎസ്ആര്‍ടിസിയുടെ സ്ഥലങ്ങള്‍ നാളെ മുതല്‍ ഡ്രൈവിംഗ് ടെസ്റ്റിനായി ഉപയോഗിക്കും. പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന സ്ഥലത്ത് പ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ പോലീസ് സംരക്ഷണം ഉറപ്പാക്കാന്‍ ആര്‍ടിഒമാര്‍ക്ക് നിര്‍ദേശമുണ്ട്.

പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ചാണ് ഡൈവിംഗ് ടെസ്റ്റ് നടത്തുക. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയ്യാറാവുന്നത് വരെ എച്ച് ട്രാക്കില്‍ ടെസ്റ്റ് നടത്തി ലൈസന്‍സ് അനുവദിക്കണമെന്നുമാണ് നിര്‍ദേശം.

അതേസമയം ഡ്രൈവിംഗ് ടെസ്റ്റ് കുറ്റമറ്റ നിലയില്‍ നടത്തുന്നതിനായാണ് പരിഷ്‌കാരം ഏര്‍പ്പെടുത്തുന്നതെന്ന് ഗതാഗതവകുപ്പ് മന്ത്രി കെബി ഗണേഷ്‌കുമാര്‍ പറഞ്ഞു. ടെസ്റ്റ് നടത്തുന്നത് തടസ്സപ്പെടുത്താനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറണമെന്നും ഹൈക്കോടതി ഉത്തരവിനെ മാനിക്കാന്‍ എല്ലാവരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മോട്ടോര്‍ വാഹന നിയമം അനുസരിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ മാത്രമാണ് മുന്നോട്ടു വച്ചതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *