അബ്ദുല്‍ റഹീമിന്റെ മോചനം; അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം കേരളത്തില്‍ നിന്ന് സൗദിയിലെത്തിക്കാന്‍ ധാരണയായി
സൗദി ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ആശങ്കകള്‍ക്ക് വിരാമം. വാദിഭാഗം അഭിഭാഷകന് നല്‍കാനുള്ള പ്രതിഫലം കേരളത്തില്‍ നിന്ന് സൗദിയിലെത്തിക്കാന്‍ ധാരണയായതായി റിയാദിലെ നിയമസഹായ സമിതി അറിയിച്ചു.
അബ്ദുറഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് വാദിഭാഗം അഭിഭാഷകനാണ് പ്രതിഭാഗത്തോട് ഏഴര ലക്ഷം റിയാല്‍ അഥവാ 1 കോടി 66 ലക്ഷത്തോളം രൂപ പ്രതിഫലം ആവശ്യപ്പെട്ടത്. തുടര്‍ നടപടിക്രമങ്ങളിലേക്ക് കടക്കാന്‍ പ്രതിഫലം കൈമാറണം എന്നായിരുന്നു നിര്‍ദേശം. ഈ തുക നാട്ടില്‍ നിന്ന് അയക്കണമെന്ന് നാട്ടിലെ സഹായസമിതിയോട് റിയാദിലെ നിയമസഹായ സമിതി ആവശ്യപ്പെട്ടിരുന്നു. ഇതില്‍ തീരുമാനമെടുക്കാന്‍ വൈകുന്നുണ്ടെന്നും അത് റഹീമിന്റെ മോചനം വൈകാന്‍ ഇടയാക്കുമെന്നും റിയാദിലെ സഹായസമിതി പ്രവര്‍ത്തകരാണ് കഴിഞ്ഞ ദിവസം ചൂണ്ടിക്കാട്ടിയത്. 34 കോടിക്ക് പുറമെ അഭിഭാഷകന്റെ പ്രതിഫലം കൂടി സൗദിയിലേക്കയക്കാന്‍ നാട്ടിലെ സഹായസമിതി തീരുമാനിച്ചു.
റിയാദിലെ നിയമ സഹായ സമിതി ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചത്. മൂന്നു നാല് ദിവസം കൊണ്ട് ഫണ്ട് സൌദിയില്‍ എത്തിക്കാനാകും എന്നാണ് പ്രതീക്ഷ. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ ആക്കൌണ്ടിലേക്ക് പണം ട്രാന്‍സ്ഫര്‍ ചെയ്യാനാണ് സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൌണ്ടില്‍ പണം എത്തിയാല്‍ ഇന്ത്യന്‍ എംബസി മരിച്ച സൌദി ബാലന്റെ കുടുംബത്തിന് പണം കൈമാറും. അതിന് മുമ്പ് ഗവര്‍ണറേറ്റില്‍ വെച്ച് ഇരു കക്ഷികളും മാപ്പ് നല്‍കുന്നതുമായി ബന്ധപ്പെട്ട കരാറില്‍ ഒപ്പുവെക്കും.