05/02/2025
#National

പതഞ്ജലി കേസ്; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിച്ചാല്‍ സെലിബ്രിറ്റികളും കുറ്റക്കാരെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി-തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതില്‍ പരസ്യ കമ്ബനികള്‍ക്കും അതില്‍ അഭിനയിക്കുന്ന സെലിബ്രിറ്റികള്‍ക്കും ഒരു പോലെ പങ്കുണ്ടെന്ന് സുപ്രീംകോടതി.

ഇരു കൂട്ടരും ഒരുപോലെ കുറ്റക്കാരും ഉത്തരവാദികളുമാണെന്ന് സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. പെയ്ഡ് പ്രമോഷനുകള്‍ ഏറ്റെടുക്കുന്നതിന് സിസിപിഎയുടെ (സെന്‍ട്രല്‍ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ അതോറിറ്റി) മാനദണ്ഡങ്ങളുണ്ടെന്നും ഇത് കര്‍ശനമായി പാലിക്കണമെന്നും ജസ്റ്റിസ് ഹിമ കോഹ്ലി, അസ്ഹനുദ്ദീന്‍ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കവേയാണ് കോടതി പരാമര്‍ശം.

ഏത് ഉത്പന്നം പരസ്യം ചെയ്യാന്‍ ഏറ്റെടുക്കുന്നതിന് മുമ്ബും അതിനെ കുറിച്ച് നന്നായി മനസ്സിലാക്കണം. നിങ്ങള്‍ക്ക് അറിവില്ലാത്തതോ വേണ്ടത്ര പരിചയമില്ലാത്തതോ ആയ ഉത്പന്നങ്ങള്‍ പരസ്യം ചെയ്ത് ഉപഭോക്താവിന്റെ വിശ്വാസം നശിപ്പിക്കരുതെന്ന് കോടതി വ്യക്തമാക്കി.

നേരത്തെ പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് ഉത്തരാഖണ്ഡ് ലൈസന്‍സിങ് അതോറിറ്റി റദ്ദാക്കിയിരുന്നു. അടിയന്തരമായാണ് അതോറിറ്റി ലൈസന്‍സ് റദ്ദാക്കിയത്. പതഞ്ജലിയുടെ ദിവ്യഫാര്‍മസി നിര്‍മിച്ചിരുന്ന 14 ഉല്‍പന്നങ്ങള്‍ക്കെതിരെയാണ് നടപടി. തുടര്‍ന്ന് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പതഞ്ജലിയുടെ 14 ഉല്‍പന്നങ്ങളുടെ ലൈസന്‍സ് റദ്ദാക്കിയ വിവരം അതോറിറ്റി അറിയിക്കുകയും ചെയ്തിരുന്നു.

Leave a comment

Your email address will not be published. Required fields are marked *