സര്‍വേ റിപ്പോര്‍ട്ടുകള്‍തിരിച്ചടി പ്രവചിച്ചതോടെഅങ്കലാപ്പിലായിബി ജെ പി നേതൃത്വം
ന്യൂഡല്‍ഹി – സര്‍വേ റിപ്പോര്‍ട്ടുകള്‍ തിരിച്ചടി പ്രവചിച്ചതോടെ അങ്കലാപ്പിലായി ബി ജെ പി നേതൃത്വം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പരമാവധി സീറ്റുകള്‍ നേടിയ ബി ജെ പിക്ക് ആ സീറ്റുകള്‍ നിലനിര്‍ത്താന്‍ കഴിയില്ലെന്നും ദക്ഷിണേന്ത്യയില്‍ നിന്നു പ്രതീക്ഷിച്ച സീറ്റുകള്‍ ലഭിക്കില്ലെന്നും സൂചനകള്‍ പുറത്തുവന്നതോടെ ബി ജെ പി ക്യാമ്ബ് ആശങ്കയിലാണ്.
എല്ലാ പൊതു തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പും ശേഷവും സെന്റര്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡെവലപിങ് സൊസൈറ്റി നടത്തുന്ന സിഎസ്ഡിസി-ലോക്‌നീതി സര്‍വേകള്‍ രാജ്യത്തെ ഏറ്റവും ആധികാരികമായ ജനാഭിപ്രായ കണക്കുകളില്‍ ഒന്നാണ്.
400 സീറ്റും മൂന്നാം വട്ടവും അധികാരവും ലക്ഷ്യമിട്ട് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ ബിജെപിക്ക് ഉത്തരേന്ത്യയിലെ സീറ്റുകള്‍ കുറയുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രാജസ്ഥാനിലും ഹരിയാനയിലുമായി പത്തു സീറ്റുകള്‍ കുറഞ്ഞേക്കാമെന്നാണ് സര്‍വ്വെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടുതല്‍ വര്‍ഗീയ ധ്രുവീകരണ നീക്കങ്ങളിലൂടെ സീറ്റുകള്‍ നിലനിര്‍ത്താനുള്ള ശ്രമമാണ് ബി ജെ പി ക്യാമ്ബില്‍ രൂപപ്പെടുന്നത്. പ്രധാനമന്ത്രിതന്നെ നേരിട്ടെത്തി വൈകാരിക വിഷയങ്ങള്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം.
എല്ലാ മതങ്ങള്‍ക്കും തുല്യ സ്ഥാനമുള്ള ഇന്ത്യ എന്ന സങ്കല്പത്തിനൊപ്പം ആണ് ഈ രാജ്യത്തെ ജനങ്ങളുടെ മനസ് എന്ന് വ്യക്തമാക്കുന്നതാണ് തെരഞ്ഞെടുപ്പിന് മുന്നോടി ആയി സി എസ് ഡി എസ് നടത്തിയ സര്‍വേ ഫലം. ഇതില്‍ പങ്കെടുത്ത 79 ശതമാനം ആളുകളും മതേതര ഇന്ത്യ എന്ന ആശയത്തിനൊപ്പം നിന്നു. മോദിയുടെ ഗ്യാരണ്ടി പോലുള്ള മുദ്രാവാക്യങ്ങള്‍ വേണ്ടത്ര ഏശിയില്ലെന്നാണ് ബി ജെ പി വിലയിരുത്തുന്നത്.
മുന്‍കാലങ്ങളില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ എത്രമാത്രം പാലിച്ചു എന്ന ചോദ്യങ്ങള്‍ അസ്വസ്ഥമാക്കിയതോടെ മോദിയുടെ ഗ്യാരണ്ടി പ്രചാരണത്തില്‍ നിന്നു പാര്‍ട്ടി പിന്നാക്കം പോയി എന്നാണു കരുതുന്നത്. ഇലക്റ്ററല്‍ ബോണ്ട് കാര്യത്തില്‍ വിവരങ്ങള്‍ പുറത്തുവന്നത് പാര്‍ട്ടിയുടെ അഴിമതി വിരുദ്ധ മുഖത്തിന് കനത്ത തിരിച്ചടിയാണ് ഏല്‍പ്പിച്ചത്. രാജ്യത്തെ മധ്യവര്‍ഗം ബി ജെ പിയുടെ വിശ്വാസ്യത തകര്‍ന്നു എന്നു വിലയിരുത്തുന്നതായി ബി ജെ പി കരുതുന്നു.