ജാതി സെന്‍സസ് നടപ്പാക്കും,ജമ്മു കാശ്മീരിന് സംസ്ഥാനപദവി നല്‍കും; കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി
ന്യൂഡല്‍ഹി-ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസിന്റെ പ്രകടനപത്രിക പുറത്തിറക്കി. ന്യായ് പത്ര എന്ന പേരില്‍ പി.ചിദംബരമാണ് പ്രകടന പത്രിക അവതരിപ്പിച്ചത്.
25 ഗ്യാരന്റികളാണ് പ്രകടന പത്രികയിലുള്ളത്. ജാതി സെന്‍സസ് നടപ്പാക്കും, ന്യൂനപക്ഷങ്ങളുടെ മതവിശ്വാസം സംരക്ഷിക്കും, കേന്ദ്ര സര്‍ക്കാര്‍ ജോലികളില്‍ 50 ശതമാനം സ്ത്രീകള്‍ക്ക് മാറ്റിവയ്ക്കും എന്നതുള്‍പ്പടെ നിരവധി വാഗ്ദാനങ്ങളുമായാണ് കോണ്‍ഗ്രസ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കുന്നത് തടയും, ജമ്മു കാശ്മീരിന് സംസ്ഥാന പദവി നല്‍കും, കുടുംബത്തിലെ മുതിര്‍ന്ന വനിതാ അംഗത്തിന്റെ അക്കൗണ്ടില്‍ വര്‍ഷം ഒരു ലക്ഷം രൂപ നല്‍കും, സര്‍ക്കാര്‍ – പൊതുമേഖല ജോലികളിലെ കരാര്‍ നിയമനങ്ങള്‍ എടുത്തു കളയും, നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ അവസാനിപ്പിച്ച അഴിമതി കേസുകളില്‍ പുനരന്വേഷണം നടത്തും, പ്രതിദിന വേതനം കുറഞ്ഞത് 400 രൂപയാക്കും, അഗ്നിപത് പദ്ധതി ഒഴിവാക്കും, 2025 മുതലുള്ള നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 33 ശതമാനവും 2029 മുതലുള്ള ലോക്സഭാ തിരഞ്ഞെടുപ്പില്‍ 33 ശതമാനം സംവരണവും നല്‍കും, പന്ത്രണ്ടാം ക്ലാസ് വരെ വിദ്യാഭ്യാസം സൗജന്യവും നിര്‍ബന്ധവുമാക്കും തുടങ്ങി നിരവധി വാഗ്ദാനങ്ങളാണ് കോണ്‍ഗ്രസ് പ്രകടന പത്രികയിലുള്ളത്.