05/02/2025
#Uncategorized

റിയാസ് മൗലവി കൊലക്കേസ് വിധി നിരാശാജനകം; സര്‍ക്കാര്‍ അപ്പീല്‍ പോകണം: എസ് വൈ എസ്

കാസറഗോഡ് : മദ്രസ അധ്യാപകനായ ചൂരി റിയാസ് മൗലവി കൊലക്കേസില്‍ മൂന്ന് പ്രതികളെയും വെറുതെവിട്ട കോടതിവിധി നിരാശാജനകമാണെന്നും നീതിപീഠത്തോടുള്ള സമൂഹത്തിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്താന്‍ വഴിവെക്കുന്നതാണെന്നും എസ് വൈ എസ് കാസര്‍ഗോഡ് ജില്ലാ ക്യാബിനറ്റ് അഭിപ്രായപ്പെട്ടു.
പ്രദേശത്ത് സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഗൂഢ ലക്ഷ്യത്തോടെയാണ് പ്രതികള്‍ ക്രൂരകൃത്യം ചെയ്തത് എന്ന് വ്യക്തമാണ്. അതിന് അവര്‍ കണ്ടെത്തിയത് ഒരു സമുദായത്തിന്റെ പരിശുദ്ധ കേന്ദ്രമായ പള്ളിയെയും മതാധ്യാപനം നടത്തുന്ന മതപണ്ഡിതനെയും എന്നത് ഗൗരവതരമാണ്. ഇത്തരം കേസുകളില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടാതെ പോകുന്നത് സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ആവര്‍ത്തിക്കാന്‍ ഇടവരുത്തും. അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്തും പ്രോസിക്യൂഷന്റെ ഭാഗത്തും വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് വ്യാപകപരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അതും പരിശോധിക്കപ്പെടേണ്ടതാണ്. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പിക്കാന്‍ സര്‍ക്കാര്‍ അപ്പീല്‍ പോകണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡണ്ട് കാട്ടിപ്പാറ അബ്ദുല്‍ ഖാദര്‍ സഖാഫി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ കരീം ദര്‍ബാര്‍കട്ട, മുസ സഖാഫി കളത്തൂര്‍, സയ്യിദ് സൈനുല്‍ ആബിദീന്‍ മുത്തുക്കോയ തങ്ങള്‍ കണ്ണവം, ബായാര്‍ സിദ്ദീഖ് സഖാഫി, അബ്ദുറസാഖ് സഖാഫി കോട്ടക്കുന്ന്, താജുദ്ദീന്‍ സുബൈകട്ട, അബ്ദുറഹീം സഖാഫി ചിപ്പാര്‍, മുഹമ്മദ് സഖാഫി തോക്കെ, ശിഹാബ് പാണത്തൂര്‍, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, അബൂബക്കര്‍ കാമില്‍ സഖാഫി എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു

Leave a comment

Your email address will not be published. Required fields are marked *