05/02/2025
#Kerala

പൗരത്വ നിയമ ഭേദഗതി; എല്ലാ ഹരജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി- പൗരത്വ ഭേദഗതി ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ച കേന്ദ്രസര്‍ക്കാറിന്റെ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള എല്ലാ ഹരജികളും സുപ്രീംകോടതി ചൊവ്വാഴ്ച പരിഗണിക്കും.

പൗരത്വ നിയമ ഭേദഗതിയെ എതിര്‍ത്ത് മുസ്ലിം ലീഗ്, ഡിവൈഎഫ്ഐ അടക്കം നല്‍കിയ ഹരജികളാണ് പരിഗണിക്കുക. 237 ഹരജികളാണ് പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയിലുളളത്. ഉടന്‍ പരിഗണിക്കണമെന്ന് ഹരജിക്കാര്‍ ആവശ്യപ്പെട്ടതാണ് ചൊവ്വാഴ്ച പരിഗണിക്കാമെന്ന് കോടതി വ്യക്തമാക്കിയത്.

എല്ലാ ഹരജികളും കോടതി പരിഗണിച്ച് വിശദവാദം കേള്‍ക്കും. അതേസമയം വാദം കേള്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന നിലപാടിലാണ് കേന്ദ്രസര്‍ക്കാര്‍. പൗരത്വം നല്‍കുന്നതിനെ ചോദ്യം ചെയ്യാന്‍ ഹരജിക്കാര്‍ക്ക് അവകാശമില്ലെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.

2019ല്‍ ആണ് പൗരത്വ ഭേദഗതി നിയമം പാസാക്കിയത്. നിലവില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ സാധുത ചോദ്യം ചെയ്യുന്ന ഹരജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കെയാണ് ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത്. ചട്ടങ്ങള്‍ പ്രസിദ്ധീകരിച്ചത് നിയമവിരുദ്ധമാണ് എന്ന വാദമാണ് ഹരജിക്കാര്‍ ഉന്നയിക്കുന്നത്.കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന പൗരത്വ ഭേദഗതി നിയമത്തെ കേരളം ഒറ്റക്കെട്ടായി എതിര്‍ക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തും പൗരത്വ നിയമ ഭേദഗതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്ത്രമന്ത്രി അമിത് ഷാ പറഞ്ഞിരുന്നു.

പൗരത്വം സംബന്ധിച്ച തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെന്ന് അമിത്ഷാ പറഞ്ഞു. അപേക്ഷകരുടെ അഭിമുഖം സംസ്ഥാനങ്ങള്‍ നടത്തിയില്ലെങ്കില്‍ കേന്ദ്രം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൗരത്വ നിയമ ഭേദഗതി ഒരിക്കലും പിന്‍വലിക്കില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വം ഉറപ്പാക്കുകയെന്നത് പരമാധികാര തീരുമാനമാണെന്നും അമിത് ഷാ പറഞ്ഞു. ആരുടേയും വാതില്‍ കൊട്ടി അടയ്ക്കുന്നതല്ല ഈ നിയമം. ദേശസുരക്ഷയില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അമിത് ഷാ വ്യക്തമാക്കി.

2019 ഡിസംബര്‍ 11-നാണ് പാര്‍ലമെന്റ് പൗരത്വനിയമം പാസാക്കിയത്. മതം നോക്കി പൗരത്വം നല്‍കുന്ന നിയമത്തിനെതിരെ അന്ന് രാജ്യവ്യാപകമായി വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. അതേ സമയം നിയമം നടപ്പാക്കില്ലെന്ന് കേരളം, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള നീക്കത്തിന്റെ ആദ്യഘട്ടത്തില്‍ തന്നെ ശക്തമായി എതിര്‍പ്പ് ഉന്നയിച്ച കേരളം കേന്ദ്രത്തിന്റെ വര്‍ഗീയ ധ്രൂവീകരണ നയത്തിനെതിരെ ആദ്യമായി നിയമസഭയില്‍ പ്രമേയം പാസ്സാക്കിയ സംസ്ഥാനം കൂടിയാണ്. അന്ന് ബി ജെ പിയുടെ ഏക പ്രതിനിധി ഒഴികെ നിയമസഭ ഒറ്റക്കെട്ടായാണ് പ്രമേയം പാസ്സാക്കിയത്. നിയമത്തിനെതിരെ വിവിധ മുസ്ലിം സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികളും കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരാനിരിക്കെയാണ് കേന്ദ്ര സര്‍ക്കാറിന്റെ പുതിയ നീക്കം.

Leave a comment

Your email address will not be published. Required fields are marked *