പൗരത്വ നിയമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം
തിരുവനന്തപുരം – പൗരത്വ നിയമ (സി എ എ)ത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യു ഡി എഫ്. പൗരത്വ നിയമ വിജ്ഞാപനത്തെ കേരളം ഒറ്റക്കെട്ടായി നേരിടും.
മണ്ഡല തലങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തും.
നിയമത്തിനെതിരെ വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ ശക്തമായി രംഗത്തെത്തി. തിരഞ്ഞെടുപ്പ് അടുത്തിരിക്കേ വിഭജനത്തിന്റെ രാഷ്ട്രീയമാണ് ബി ജെ പി പുറത്തെടുക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചു. പൗരത്വ നിയമ ഭേദഗതി നടപ്പാക്കാന്‍ കോണ്‍ഗ്രസും യു ഡി എഫും അനുവദിക്കില്ലെന്നും സതീശന്‍ വ്യക്തമാക്കി.
ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് സി എ എ എന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. നിയമത്തിനെതിരെ നിയമപരമായും ജനങ്ങളെ അണിനിരത്തിയും പോരാടുമെന്നും ഗോവിന്ദന്‍ പ്രതികരിച്ചു. ജീവനുള്ളിടത്തോളം കാലം സി എ എ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. ഇന്ത്യ മുന്നണി അധികാരത്തില്‍ വന്നാല്‍ പൗരത്വ നിയമം അറബിക്കടലില്‍ വലിച്ചെറിയുമെന്നും അദ്ദേഹം പറഞ്ഞു.
മതരാഷ്ട്ര നിര്‍മിതിക്കുള്ള ആര്‍ എസ് എസ്-ബി ജെ പി നീക്കത്തിന്റെ ഭാഗമാണ് പൗരത്വ നിയമ ഭേദഗതി വിജ്ഞാപനമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി ആരോപിച്ചു. മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്ന തിരിച്ചറിവില്ലാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ സാധിക്കൂ. അതിനെ ചെറുക്കാന്‍ രാജ്യത്തോട് സ്‌നേഹമുള്ള എല്ലാവരും ഒന്നിച്ച് നീങ്ങേണ്ട സമയമാണിതെന്നും ബിനോയ് വിശ്വം പറഞ്ഞു.
സി എ എക്കെതിരെ മുസ് ലിം ലീഗും പ്രസ്താവന നടത്തി. ജാതിമതാടിസ്ഥാനത്തില്‍ പൗരത്വം എന്നത് ലോകം അംഗീകരിക്കാത്തതാണെന്നും അത് ഇന്ത്യന്‍ ഭരണഘടനക്ക് എതിരാണെന്നും മുസ് ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
പ്രതിഷേധത്തിന്റെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട്ട് ട്രെയിന്‍ തടഞ്ഞു. മലബാര്‍ എക്സ്പ്രസാണ് തടഞ്ഞത്. ട്രെയിനിനു മുമ്ബില്‍ പ്രവര്‍ത്തകര്‍ കൊടികള്‍ വെച്ചു. ഡി വൈ എഫ് ഐയും പ്രതിഷേധ മാര്‍ച്ച് നടത്തി.