പൊലീസിന്റെ പക്ഷപാതനിലപാട്മുഖ്യമന്ത്രി ശരിവച്ചു; വൈദികനെവാഹനമിടിപ്പിച്ച സംഭവത്തില്‍വിമര്‍ശനവുമായി സമസ്ത മുഖപത്രം സിറാജ്
കോട്ടയം പൂഞ്ഞാറില്‍ പള്ളിമുറ്റത്ത് വൈദികനെ വാഹനമിടിപ്പിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് എപി വിഭാഗം സമസ്ത മുഖപത്രം സിറാജിന്റെ എഡിറ്റോറിയല്‍. മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതകള്‍ ശരിയായി മനസ്സിലാക്കാതെയാണ്. പ്രസ്താവന തിരുത്തണം. കുറ്റകൃത്യങ്ങള്‍ക്ക് മതഛായ നല്‍കുന്നത് നാടിനെ അരക്ഷിതമാക്കുമെന്നും എഡിറ്റോറിയലില്‍ പറയുന്നു.
കേരള മുഖ്യമന്ത്രിയെ പോലെ പരിണിതപ്രജ്ഞനായ ഒരു ഭരണാധികാരിയില്‍ നിന്ന് ഇത്തരം പ്രസ്താവനകള്‍ ഉണ്ടായിക്കൂടാ എന്ന് എഡിറ്റോറിയലില്‍ മുന്നറിയിപ്പ് നല്‍കുന്നു. സംഘപരിവാറിനെ മൂലക്കിരുത്താന്‍ ബാധ്യതപ്പെട്ടവരാണ് കേരളത്തിലെ ഇടത് ഐക്യമുന്നണി. ഓരോ വാക്കിലും സൂക്ഷ്മത ഉണ്ടാകണം. വിഷയത്തില്‍ പൊലീസ് പക്ഷപാത നിലപാടാണ് സ്വീകരിച്ചത്. അത് ശരിവെക്കുന്നതാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന എന്നും എഡിറ്റോറിയല്‍ പറയുന്നു.
സമസ്തയുടെ മുഖപത്രം സുപ്രഭാതവും എഡിറ്റോറിയലിലൂടെ മുഖ്യമന്ത്രിയെ വിമര്‍ശിച്ചിരുന്നു. അതിക്രമത്തെ മതം നോക്കി വിലയിരുത്തിയ മുഖ്യമന്ത്രി മതേതതര കേരളത്തെ അമ്പരപ്പിച്ചു. മതം നോക്കി ഇടപെടുന്ന വര്‍ഗീയവാദികളുടെ രീതിയിലേക്ക് മുഖ്യമന്ത്രി താഴ്ന്നവെന്ന് മുഖപത്രത്തില്‍ വിമര്‍ശനം. മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റി എന്ന തലക്കെട്ടോടെയായിരുന്നു വിമര്‍ശനം.
ഒരു വിഭാഗത്തെ ബോധപൂര്‍വം കുഴപ്പക്കാരായി ചിത്രീകരിക്കുന്നത് സംഘപരിവാര്‍ രീതിയാണന്നും അവര്‍ക്കെല്ലമുള്ള നാവായി മുഖ്യമന്ത്രി മാറിയെന്ന് സുപ്രഭാതത്തിന്റെ മുഖപ്രസംഗത്തില്‍ പറയുന്നു.
ന്യൂനപക്ഷങ്ങളുമായുള്ള മുഖാമുഖത്തിനിടെയായിരുന്നു മുഖ്യമന്ത്രി പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന പള്ളിയില്‍ നടന്ന സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. എന്ത് തെമ്മാടിത്തമാണ് അവിടെ കാട്ടിയതെന്ന് മുഖ്യമന്ത്രി ചോ?ദിച്ചിരുന്നു. ഫാദറിന് നേരെ വണ്ടി കയറ്റുകയായിരുന്നു. അദ്ദേഹം രക്ഷപ്പെടുകയായിരുന്നു. ചെറുപ്പക്കാരുടെ സെറ്റെന്നു പറയുമ്പോള്‍ എല്ലാവരും ഉണ്ടാകും എന്നല്ലേ നമ്മള്‍ കരുതുന്നത്. പക്ഷെ അതില്‍ മുസ്ലിം വിഭാഗക്കാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വിഭാഗത്തെ മാത്രം തിരഞ്ഞു പിടിച്ചല്ല പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
പൂഞ്ഞാര്‍ സെന്റ് മേരീസ് ഫെറോന ചര്‍ച്ചിലെ വൈദികനെ വാഹനമിടിപ്പിച്ചെന്ന കേസില്‍ 27 വിദ്യാര്‍ഥികളെയാണ് വധശ്രമക്കുറ്റമടക്കം ചുമത്തി പ്രതി ചേര്‍ത്തിരുന്നത്. ഇതില്‍ 10 പേര്‍ പ്രായപൂര്‍ത്തിയാകാത്തവരായിരുന്നു. കേസില്‍ മുഴുവന്‍ പ്രതികള്‍ക്കും നേരത്തെ ജാമ്യം ലഭിച്ചിരുന്നു.