05/02/2025
#Uncategorized

പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം; പത്മജയെ ബി ജെ പിയില്‍ എത്തിച്ചത് താനാണെന്ന ആരോപണം തള്ളി ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം – പത്മജ വേണുഗോപാലിനെ ബി ജെ പിയില്‍ എത്തിച്ചത് താനാണെന്ന പ്രതിപക്ഷ ആരോപണം തള്ളി മുന്‍ ഡി ജി പി ലോക്നാഥ് ബെഹ്റ.

രാഷ്ട്രീയ ലക്ഷ്യം വച്ചുള്ളതാണ് പ്രതിപക്ഷ നേതാവിന്റെയും കെ മുരളീധരന്റെയും ആരോപണങ്ങളെന്ന് ബെഹ്റ പ്രതികരിച്ചു. പ്രമുഖ വസ്ത്ര വ്യാപാര ഉടമയെ മോദിയുടെ പരിപാടിയില്‍ എത്തിച്ചത് താനാണെന്ന ആരോപണവും ബെഹ്റ നിഷേധിച്ചു.

പത്മജയെ ബി ജെ പിയിലെത്തിച്ചത് വിരമിച്ച ഒരു ഐ പി എസ് ഉദ്യോഗസ്ഥനാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ആരോപണം. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതിനു പിന്നിലെന്നും സതീശന്‍ പറഞ്ഞിരുന്നു. ലാക്‌നാഥ് ബെഹ്‌റയാണോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അന്വേഷിച്ചു കണ്ടെത്താനായിരുന്നു സതീശന്റെ മറുപടി.

ബെഹ്റക്ക് തന്റെ കുടുംബവുമായും പത്മജയുമായും നല്ല ബന്ധമുണ്ടെന്നും മോദിയുമായും പിണറായിയുമായും ബന്ധമുള്ള ബെഹ്റയാണ് ബി ജെ പിക്കായി ചരടുവലിച്ചതെന്നുമായിരുന്നു മുരളീധരന്റെ ആരോപണം. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ബെഹ്റക്കും പിണറായിക്കുമെതിരെ ആരോപണവുമായി രംഗത്തെത്തിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *