05/02/2025
#Uncategorized

വന്യജീവി ആക്രമണം;മൂന്ന് ദക്ഷിണേന്ത്യന്‍സംസ്ഥാനങ്ങളുടെഏകോപന സമിതിയോഗം ഇന്ന്

ബെംഗളൂരു – വന്യജീവി ആക്രമണ വിഷയത്തില്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ ഏകോപന സമിതി ഉന്നതതല യോഗം ഇന്ന് ബന്ദിപ്പൂരില്‍ നടക്കും.

വന്യജീവി ആക്രമണം തടയാനുള്ള നയരൂപവത്കരണമാണ് യോഗത്തിലെ മുഖ്യ വിഷയം.

കേരളം, കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ വനം വകുപ്പ് മേധാവികളാണ് യോഗത്തില്‍ സംബന്ധിക്കുക. കേരളത്തിന്റെ വനം വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍, കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെ എന്നിവരും യോഗത്തില്‍ പങ്കെടുത്തേക്കും. മൂന്ന് സംസ്ഥാനങ്ങളിലെയും ഉന്നതോദ്യോഗസ്ഥര്‍ സന്നിഹിതരാകും. കേരള വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ജ്യോതിലാല്‍, കര്‍ണാടക വനം വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മഞ്ജുനാഥ പ്രസാദ്, കര്‍ണാടക പി സി സി എഫ്, ഫോറസ്റ്റ് ഫോഴ്സ് മേധാവി ബി എക്സ് ദീക്ഷിത്, കേരള പി സി സി എഫ്, ഫോറസ്റ്റ് ഫോഴ്സ് മേധാവി ഗംഗാ സിങ് തുടങ്ങിയവരാണ് യോഗത്തിനെത്തുക.

ഇത്തരത്തിലുള്ള ആദ്യ യോഗമാണ് ബന്ദിപ്പൂരില്‍ നടക്കുന്നത്. വന സംരക്ഷണം, വേട്ടയാടല്‍, വന നശീകരണം, വന്യജീവികളുടെ നീക്കങ്ങള്‍ തുടങ്ങിയവയും ചര്‍ച്ചാ വിഷയമാകും. വനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ മികച്ച വ്യവഹാരങ്ങള്‍, അറിവുകള്‍, സാങ്കേതികവിദ്യ തുടങ്ങിയവ പ്രായോഗികമാക്കുന്നതിന് വഴിയൊരുക്കലും ചര്‍ച്ചാ വിഷയമാകും. മനുഷ്യ-വന്യമൃഗ സംഘര്‍ഷം പരിഹരിക്കുന്നത് സംബന്ധിച്ച തങ്ങളുടെതായ അനുഭവങ്ങള്‍ മൂന്ന് സംസ്ഥാനങ്ങളിലെയും പ്രതിനിധികള്‍ പങ്കുവെക്കും.

ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ കര്‍ണാടക വനത്തിലുള്ള ഒരു ആന വയനാട്ടിലെ ഒരാളെ കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്ന് കര്‍ണാടക വനം മന്ത്രി ഈശ്വര്‍ ഖന്ദ്രെയാണ് ഇത്തരത്തിലൊരും യോഗം പ്രഖ്യാപിച്ചത്.

Leave a comment

Your email address will not be published. Required fields are marked *