സിദ്ധാര്‍ഥന്റെ മരണം: കേസ് സി ബി ഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി പിതാവ്
തിരുവനന്തപുരം – പൂക്കോട് വെറ്ററിനറികോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച കേസ് അന്വേഷണം സി ബി ഐക്ക് വിടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി സിദ്ധാര്‍ഥന്റെ പിതാവ് അറിയിച്ചു.
മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം അദ്ദേഹം മാധ്യമങ്ങളോടു സംസാരിച്ചു. മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. സിദ്ധാര്‍ഥന്റെ മരണത്തില്‍ പങ്കുണ്ടെന്നു കരുതുന്ന അക്ഷയ് യെ മാപ്പുസാക്ഷിയാക്കരുതെന്നും പിതാവ് പറഞ്ഞു.
മരണത്തില്‍ സി ബി ഐ അന്വേഷണം നടത്താമെന്നു മുഖ്യമന്ത്രി പിതാവിന് ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ്, മഹിളാ കോണ്‍ഗ്രസ്, കെ എസ് യു സംഘടനകള്‍ തിരുവനന്തപുരത്തു നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. ആറുദിവസം നീണ്ട സമരം താല്‍ക്കാലികമായി അവസാനിപ്പിക്കുകയാണെന്നും സി ബി ഐ അന്വേഷണമെന്ന ഉറപ്പ് പാലിച്ചില്ലെങ്കില്‍ രൂക്ഷമായ സമരത്തിനു തയ്യാറാവുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു.