05/02/2025
#Kasaragod

റിയാസ് മൗലവി വധക്കേസ്:വിധി പറയുന്നത് മാര്‍ച്ച്ഏഴിലേക്ക് മാറ്റി

കാസര്‍കോട്: കാസര്‍കോട് പഴയ ചൂരി മദ്‌റസയിലെ അധ്യാപകനായിരുന്ന കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവി വധക്കേസില്‍ വിധി പറയുന്നത് മാര്‍ച്ച് ഏഴിലേക്ക് മാറ്റി. റിയാസ് മൗലവിയെ (27) കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ പൂര്‍ത്തിയായതോടെ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്മി കെ കെ ബാലകൃഷ്ണന്‍ ഇന്ന് വിധി പറയുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ജഡ്മി പരിശീലനത്തിലായതിനാലാണ് പുതിയ തിയ്യതി പ്രഖ്യാപിച്ചത്. 2017 മാര്‍ച്ച് 20ന് പുലര്‍ച്ചെയാണ് റിയാസ് മൗലവി കൊല്ലപ്പെട്ടത്. പള്ളിയിലെ താമസസ്ഥലത്ത് ഒരു സംഘം അതിക്രമിച്ചുകടന്ന് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. ആര്‍.എസ്.എസ് പ്രവര്‍ത്തകരായ കേളുഗുഡ്‌ലെയിലെ അജേഷ് എന്ന അപ്പു, നിതിന്‍കുമാര്‍, കേളുഗുഡെ ഗംഗൈ റോഡിലെ അഖിലേഷ് എന്ന അഖില്‍ എന്നിവരാണ് കേസിലെ പ്രതികള്‍.
സാമുദായിക സംഘര്‍ഷം സൃഷ്ടിക്കുകയെന്ന ഗൂഢലക്ഷ്യത്തോടെയാണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്ന് അന്വേഷണസംഘം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. ഇതുവരെ ജാമ്യം ലഭിക്കാത്തതിനാല്‍ പ്രതികള്‍ ഏഴുവര്‍ഷക്കാലമായി ജയിലില്‍ തന്നെയാണ്.
കേസിന്റെ വിചാരണവേളയില്‍ 97 സാക്ഷികളെ കോടതി വിസ്മരിച്ചു. 215 രേഖകളും 45 തൊണ്ടിമുതലുകളുമാണ് കോടതിയില്‍ സമര്‍പ്പിച്ചത്. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന ഡോ. എ. ശ്രീനിവാസിന്റെ മേല്‍നോട്ടത്തില്‍ അന്നത്തെ ഇന്‍സ്‌പെക്ടര്‍ പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്.
സംഭവം നടന്ന് മൂന്ന് ദിവസത്തിനകം അന്വേഷണ സംഘം പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. 90 ദിവസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. 2019ലാണ് കേസിന്റെ വിചാരണ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ആരംഭിച്ചത്. കോവിഡ് മൂലവും ജഡ്മിമാര്‍ സ്ഥലം മാറിപ്പോയത് കാരണവും കേസ് പലതവണ മാറ്റിവെക്കേണ്ടി വന്നു. ഏറ്റവുമൊടുവില്‍ പരിഗണിച്ച ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡജി കെ കെ ബാലകൃഷ്ണനാണ് കേസില്‍ വിധി പറയുക. മുമ്പ് ഏഴ് ജഡ്മിമാരാണ് കേസ് പരിഗണിച്ചത്.

Leave a comment

Your email address will not be published. Required fields are marked *