മലയാളക്കരക്ക് അഭിമാന നിമിഷം; ഗഗന്‍യാന്‍ ദൗത്യത്തില്‍ പ്രശാന്ത് നായരും, യാത്രികരെ പ്രഖ്യാപിച്ചു
തിരുവനന്തപുരം – ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ 10.50ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ മോദി വിമാനം ഇറങ്ങിയത്.
ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ഗഗന്‍യാന്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന നാല് യാത്രികരെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചു. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍.
ടെസ്റ്റ് പൈലറ്റുമാരായ ഇവര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദ2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും തിരഞ്ഞെടുത്തത്.
പാലക്കാട് നെന്മാറ സ്വദേശിയായ പ്രശാന്ത്, നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ (എന്‍ഡിഎ) പഠനശേഷം 1999 ജൂണിലാണും സേനയില്‍ ചേര്‍ന്നത്. സുഖോയ് യുദ്ധവിമാന പൈലറ്റാണ്.
ബഹിരാകാശ സഞ്ചാരികളെ കാണാന്‍ സാധിച്ചതിലും അവരെ രാജ്യത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഈ നാല് പേരുകള്‍ നാല് മനുഷ്യര്‍ മാത്രമല്ല 140 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബഹിരാകാശത്തെത്തിക്കുന്ന നാല് ശക്തികളാണ്. 40 വര്‍ഷങ്ങള്‍ക്കുശേഷം ഭാരതീയന്‍ ബഹിരാകാശത്തേക്ക് പോകുകയാണ്. ഇത്തവണ, സമയം നമ്മളുടേതാണ്, കൗണ്ട് ഡൗണ്‍ നമ്മുടേതാണ്, റോക്കറ്റും നമ്മുടേതാണ്- പ്രധാനമന്ത്രി പറഞ്ഞു.
വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തിയ പ്രധാനമന്ത്രി ഗഗന്‍യാന്‍ പദ്ധതി അവലോകനം ചെയ്തു. വിവിധ പദ്ധതികളുടെ പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്ബ റോഡിലും ആള്‍സെയിന്റ്‌സ് ജംക്ഷന്‍ മുതല്‍ പാറ്റൂര്‍, പാളയം, പുളിമൂട് വരെയും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോകും. തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തില്‍ പങ്കെടുക്കും