പ്രധാനമന്ത്രികേരളത്തിലെത്തി
തിരുവനന്തപുരം – ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് എത്തി. രാവിലെ 10.50ഓടെയാണ് തിരുവനന്തപുരം അന്താരാഷ്ട്രവിമാനത്താവളത്തിലെ വ്യോമസേന ടെക്‌നിക്കല്‍ ഏരിയയില്‍ മോദി വിമാനം ഇറങ്ങിയത്.
ആദ്യം വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തുന്ന പ്രധാനമന്ത്രി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വഹിക്കും. ഉച്ചയ്ക്ക് 12 മുതല്‍ ഒരു മണി വരെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതു പരിപാടിയില്‍ അദ്ദേഹം പങ്കെടുക്കും
ഗഗന്‍യാന്‍ പദ്ധതിക്കായി തിരഞ്ഞെടുക്കപ്പെട്ട ബഹിരാകാശ യാത്രികരുടെ പേര് വിവരങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പ്രഖ്യാപിക്കും. നാല് യാത്രികരും വി എസ്എ സ്സി യില്‍ എത്തിയിട്ടുണ്ട്. ഗഗന്‍യാനില്‍ യാത്രികരിലൊരാളായി മലയാളിയുമുണ്ടെന്ന് സൂചനയുണ്ട്. ബഹിരാകാശ യാത്രികര്‍ക്കായുള്ള പരിശീലനം നേടിയ നാലുപേരില്‍ ഒരാള്‍ സുഖോയ്- 30 പൈലറ്റായ പ്രശാന്ത് നായരാണെന്നാണ് അനൗദ്യോഗിക വിവരം.ഇദ്ദേഹം പാലക്കാട് സ്വദേശിയാണെന്നാണ് വിവരം
ഗഗന്‍യാന്‍ പദ്ധതിയുടെ പുരോഗതി വിലയിരുത്തും. ബഹിരാകാശ സഞ്ചാരികളായി തിരഞ്ഞെടുക്കപ്പെട്ട നാല് പേര്‍ക്കും ആസ്ട്രനോട്ട് ബാഡ്ജുകളും സമ്മാനിക്കും. നാല് പേരും ഇന്ത്യന്‍ വ്യോമസേനയിലെ പൈലറ്റുമാരാണ്. ഇതില്‍ ഒരാള്‍ മലയാളിയാണ്.
പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ ഏഴു മണി മുതല്‍ ഉച്ചയ്ക്ക് രണ്ടു വരെ തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. ഡൊമസ്റ്റിക് എയര്‍പോര്‍ട്ട്, ശംഖുമുഖം, കൊച്ചുവേളി, സൗത്ത് തുമ്ബ റോഡിലും ആള്‍സെയിന്റ്‌സ് ജംക്ഷന്‍ മുതല്‍ പാറ്റൂര്‍, പാളയം, പുളിമൂട് വരെയും വാഹനങ്ങള്‍ക്ക് നിയന്ത്രണമുണ്ടാകും. സെന്‍ട്രല്‍ സ്റ്റേഡിയം പരിസരത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
കേരളത്തിലെ പരിപാടികള്‍ക്ക് ശേഷം ഉച്ച കഴിഞ്ഞ് തമിഴ്‌നാട്ടിലേക്ക് പോകും. തിരുപ്പൂരിലെ ബിജെപി പൊതുയോഗത്തില്‍ പങ്കെടുക്കും