കര്‍ഷകര്‍ക്ക് നേരെവീണ്ടും വാതകം പ്രയോഗിച്ചു; ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം
![](https://muhimmath.news/wp-content/uploads/2024/02/2024-jan-81-878x1024.jpg)
‘ഡല്‍ഹി ചലോ’ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് നേരെ കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്. വിളകള്‍ക്ക് മിനിമം താങ്ങുവില ഗ്യാരന്റി സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ഷകര്‍ സമരം പുനരാരംഭിച്ചത്. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ആവര്‍ത്തിച്ച് കേന്ദ്രം.
കര്‍ഷക സമരത്തെ നേരിടാന്‍ വലിയ മുന്നൊരുക്കങ്ങളാണ് പൊലീസ് നടത്തിയിട്ടുള്ളത്. മാര്‍ച്ച് തടയുന്നതിനായി കോണ്‍ക്രീറ്റ് ബീമുകള്‍, മുള്‍വേലികള്‍, ആണികള്‍, വലിയ ഷിപ്പിംഗ് കണ്ടെയ്‌നറുകള്‍ തുടങ്ങിയവയും പൊലീസ് ഒരുക്കിയിട്ടുണ്ട്. ബാരിക്കേഡുകള്‍ പൊളിക്കാന്‍ സമരക്കാര്‍ കൊണ്ടുവന്ന ഉപകരണങ്ങള്‍ പിടിച്ചെടുക്കാന്‍ ഹരിയാന പൊലീസ് പഞ്ചാബ് പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. കര്‍ഷകര്‍ക്ക് യന്ത്രങ്ങള്‍ നല്‍കരുതെന്ന് നാട്ടുകാര്‍ക്കും നിര്‍ദ്ദേശമുണ്ട്.
പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പൊളിക്കാന്‍ ഹൈഡ്രോളിക് ക്രെയിന്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ കര്‍ഷകരും ഒരുക്കിയിട്ടുണ്ട്. കണ്ണീര്‍ വാതകത്തെ തടയാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹെല്‍മറ്റുകളും കര്‍ഷകരുടെ പക്കലുണ്ട്. 1200 ട്രാക്ടര്‍ ട്രോളികള്‍, 300 കാറുകള്‍, 10 മിനി ബസുകള്‍ എന്നിവയുമായി 14,000 കര്‍ഷകര്‍ ഇതിനോടകം ശംഭുവില്‍ എത്തിയിട്ടുണ്ട്. അതേസമയം കര്‍ഷകരുമായി ചര്‍ച്ചയ്ക്ക് സന്നദ്ധത അറിയിച്ച് കേന്ദ്രമന്ത്രി അര്‍ജുന്‍ മുണ്ട രംഗത്തെത്തി.