കര്‍ഷകരെ തടയാന്‍കണ്ണീര്‍ വാതകം പ്രയോഗിച്ചു;’ഡല്‍ഹി ചലോ’മാര്‍ച്ചില്‍ സംഘര്‍ഷം
![](https://muhimmath.news/wp-content/uploads/2024/02/2024-jan-69-878x1024.jpg)
കര്‍ഷകരുടെ ‘ഡല്‍ഹി ചലോ’ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിനടുത്തെത്തിയപ്പോള്‍ കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. രണ്ട് റൗണ്ടുകളിലായി ഏകദേശം രണ്ട് ഡസന്‍ ഷെല്ലുകള്‍ പ്രയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ട്. കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ വ്യാപകമായി പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. പ്രതിഷേധക്കാര്‍ കൂട്ടമായി തിരിഞ്ഞോടുന്നതും ദൃശ്യങ്ങളില്‍ കാണാം.
പൊലീസ് സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ക്കു മുകളില്‍ കയറി കര്‍ഷകര്‍ പ്രതിഷേധിക്കുകയാണ്. കര്‍ഷകര്‍ വ്യാപകമായ രീതിയില്‍ ഇവിടേക്ക് സംഘടിച്ചെത്തുന്നതായാണ് വിവരം. ഇവരെ തിരിച്ചയയ്ക്കാനാണ് പൊലീസ് ശ്രമം. കര്‍ഷകര്‍ ഇവിടെയെത്തിയ ലോറികളും ട്രാക്ടറുകളും പൊലീസ് പിടിച്ചെടുത്തു. കാല്‍നടയായി എത്തുന്ന കര്‍ഷകരെ കസ്റ്റഡിയില്‍ എടുക്കുന്നുണ്ട്. അതേസമയം, ആവശ്യമെങ്കില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘടനാ നേതാക്കള്‍ മുന്നറിയിപ്പു നല്‍കി.
പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ പങ്കെടുക്കുന്നത്. രാജ്യതലസ്ഥാനത്തിന്റെ അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നൂറുകണക്കിന് അര്‍ധസൈനികരെയും പൊലീസ് ഉദ്യോഗസ്ഥരെയുമാണ് സുരക്ഷയ്ക്കായി നിയോഗിച്ചിട്ടുള്ളത്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തി. വാഹന പരിശോധന കര്‍ശനമാക്കിയതോടെ ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ വന്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷക സംഘടനകള്‍ രാജ്യതലസ്ഥത്തേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചത്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, സ്വാമിനാഥന്‍ കമ്മീഷനിലെ നിര്‍ദേശങ്ങളായ കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം എന്നിവയാണ് ആവശ്യങ്ങള്‍.