ക്ഷേമ പെന്‍ഷന്‍ വര്‍ധനയില്ല; പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുനഃപരിശോധിക്കും
തിരുവനന്തപുരം – സംസ്ഥാനത്ത് ഇത്തവണ ക്ഷേമപെന്‍ഷനുകളില്‍ വര്‍ധനയില്ല. നിലവിലെ ക്ഷേമപെന്‍ഷന്‍ കൃത്യമായി വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കി.
പെന്‍ഷന്‍ കുടിശ്ശികയ്ക്ക് കാരണം കേന്ദ്ര സര്‍ക്കാറാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുമെന്നും ധനമന്ത്രി അറിയിച്ചു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം പുതിയ പെന്‍ഷന്‍ പദ്ധതി നടപ്പാക്കും. മറ്റു സംസ്ഥാനങ്ങളിലെ പെന്‍ഷന്‍ പദ്ധതി പഠിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കും. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ തുക മടക്കി നല്‍കുമെന്നും മന്ത്രി പറഞ്ഞു.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിക്കണമെന്നത് പദ്ധതി നടപ്പാക്കിയത് മുതല്‍ ജീവനക്കാരുടെ ആവശ്യമാണ്. പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വലിയ നേട്ടമില്ലെന്ന് പുന:പരിശോധനാ സമിതി കണ്ടെത്തുകയും ചെയ്തിരുന്നു.
ജീവനക്കാരുടെ വിഹിതവും തത്തുല്യമായ സര്‍ക്കാര്‍ വിഹിതവും ചേര്‍ത്ത് രൂപവത്കരിക്കുന്ന ഫണ്ടില്‍ നിന്ന് പെന്‍ഷന്‍ നല്‍കുന്ന രീതിയാണ് പങ്കാളിത്ത പെന്‍ഷന്‍. 2004 ലാണ് കേന്ദ്രം പുതിയ പങ്കാളിത്ത പെന്‍ഷന്‍ സമ്ബ്രദായം കൊണ്ടുവന്നത്. 2004 മുതല്‍ സൈന്യത്തിലേതൊഴികെയുള്ള കേന്ദ്രനിയമനങ്ങള്‍ക്ക് ഇത് ബാധകമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളിലും നടപ്പിലാക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.