ഗ്രാന്‍ഡ് മുഫ്തിയുടെഇടപെടല്‍ ഫലം കണ്ടു; എം എ എന്‍ എഫ് സ്‌കോളര്‍ഷിപ്പില്‍ വര്‍ധന വരുത്തി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം
ന്യൂഡല്‍ഹി: ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാത്ഥികള്‍ക്ക് ലഭ്യമാകുന്ന മൗലാനാ ആസാദ് നാഷണല്‍ ഫെല്ലോഷിപ്പ് വര്‍ധിപ്പിക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ നടത്തിയ ഇടപെടല്‍ ഫലം കണ്ടു. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം തന്നെയാണ് യു ജി സി മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി മൗലാനാ ആസാദ് സ്‌കോളര്‍ഷിപ്പ് തുക വര്‍ധിപ്പിച്ചതായി ഔദ്യോഗിക വെബ്‌സൈറ്റ് മുഖേന അറിയിച്ചത്. ന്യൂനപക്ഷ സമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് നല്‍കി വരുന്ന ഉന്നത വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ന്യൂനപക്ഷകാര്യ മന്ത്രി സ്മൃതി ഇറാനിക്കും ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കത്തയച്ചിരുന്നു. ഗവേഷക വിദ്യാര്‍ഥികള്‍ക്കുള്ള മൗലാനാ ആസാദ് നാഷണല്‍ സ്‌കോളര്‍ഷിപ്പ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരുന്നു. ഇതുവരെ ലഭിച്ചുകൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് തുടര്‍ന്നും നല്‍കുമെന്ന് ഉറപ്പു പറഞ്ഞിരുന്നെങ്കിലും അതും കൃത്യമായി ലഭിച്ചിരുന്നില്ല. സ്‌കോളര്‍ഷിപ്പ് പ്രതീക്ഷിച്ച് രാജ്യത്തെ ഉന്നത കലാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധനരായ വിദ്യാര്‍ഥികളെ ഇത് ഏറെ ബാധിക്കുന്നുണ്ട്. ജെ ആര്‍ എഫ്, നാഷണല്‍ ഫെല്ലോഷിപ്പ് ഫോര്‍ ഒ ബി സി-എസ് സി-എസ് ടി തുടങ്ങിയ മറ്റു സ്‌കോളര്‍ഷിപ്പുകളുടെ തുക ഉയര്‍ത്തിയപ്പോഴും ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ തുക വര്‍ധിപ്പിക്കുകയോ കുടിശ്ശിക നല്‍കുകയോ ചെയ്യാത്തത് വിവേചനവും പ്രതിഷേധാര്‍ഹവുമാണ് എന്ന് ഗ്രാന്‍ഡ് മുഫ്തി അറിയിച്ചിരുന്നു. നിലവിലെ വര്‍ദ്ധന ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ ആശ്വാസമാകും.