കാസറഗോഡ്വ്യാജ സീലുകളുമായിയുവാക്കള്‍ പിടിയില്‍
ബേഡഡുക്ക: വിദേശത്ത് പോകുന്നവര്‍ക്ക് വ്യാജ പാസ്‌പോര്‍ടും രേഖകളും ബാങ്ക് സ്റ്റേറ്റ്മന്റും മെഡികല്‍ – ബിരുദ സര്‍റ്റിഫികറ്റും നിര്‍മിച്ച് കൊടുക്കുന്ന സംഘത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി ബേഡകം പൊലീസ് അറിയിച്ചു. ചന്തേര പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എം എ അഹ്‌മദ് അബ്രാര്‍ (26), എം എ സാബിത് (25), ഹൊസൂര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് സഫ്വാന്‍ (25) എന്നിവരെയാണ് ബേഡകം എസ്‌പെഐ എം ഗംഗാധരനും സംഘവും അറസ്റ്റ് ചെയ്തത്.
പൊലീസ് പറയുന്നത് ഇങ്ങനെ: ‘അഹ്‌മദ് അബ്രാര്‍ കൊറിയയില്‍ കാര്‍ കംപനിയില്‍ ജോലി ചെയ്തുവരികയാണ്. ഇയാള്‍ കൊറിയയിലേക്ക് ആളുകളെ റിക്രൂട്മെന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇവരില്‍ നിന്നും മൂന്ന് വ്യാജ പാസ്‌പോര്‍ടുകളും 35 ഓളം സീലുകളും വ്യാജ രേഖകള്‍ നിര്‍മിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ഫര്‍സീന്‍ പതാമാടെ പുരയില്‍, സൗമ്യ സൈമണ്‍, അമല്‍ കളപ്പുര പറമ്പില്‍ എന്നിവരുടെ ഇന്‍ഡ്യന്‍ പാസ്‌പോര്‍ടുകളാണ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ആപിള്‍ കംപനിയുടെ ലാപ്‌ടോപ്, ഇന്‍ഡ്യന്‍ ഓവര്‍സീസ് ബാങ്ക് ആലുവ ശാഖ, ഫെഡറല്‍ ബാങ്ക് അങ്കമാലി ശാഖ, സൗത് ഇന്‍ഡ്യന്‍ ബാങ്ക് തൃക്കരിപ്പൂര്‍ ശാഖ എന്നിവയുടെയടക്കം സീലുകളും കണ്ടെടുത്തിട്ടുണ്ട്. ബെംഗ്‌ളൂറിലെ രണ്ട് ഡോക്ടര്‍മാരുടെയും കാഞ്ഞങ്ങാട്ടെ സര്‍ജന്‍ ഡോ. വിനോദിന്റെയും പേരിലുള്ള സീലുകളും കോഴിക്കോട് എം ഇ എസ് കോളജ്, പടന്ന ഷറഫ് കോളജ് എന്നിവയുടെ വ്യാജ റബര്‍ സീലുകളും ലെറ്റര്‍ ഹെഡുകളും കണ്ടെടുത്തു.
ബെംഗ്‌ളുറു സൗത് ഇന്‍ഡ്യന്‍ ബാങ്ക്, ബെംഗ്‌ളുറു സൂപര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി എന്നിവയുടെ വ്യാജ ലെറ്റര്‍ ഹെഡുകളും, എം ഇ എസ് കോളജിന്റെ എന്‍ ഒ സി തുടങ്ങിയ നിരവധി സര്‍ടിഫികറ്റുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തേക്ക് പോകുന്നവര്‍ക്ക് വ്യാജ സര്‍ടിഫികറ്റുകള്‍, പാസ്‌പോര്‍ട്, മെഡികല്‍ സര്‍ടിഫികറ്റ്, ബാങ്ക് സ്റ്റേറ്റ്മന്റ് എന്നിവയടക്കം നിര്‍മിച്ച് കൊടുക്കുന്നുണ്ട്. മൂന്ന് ലക്ഷം മുതലാണ് ഇവര്‍ സര്‍ടിഫികറ്റുകള്‍ക്കായി ആവശ്യപ്പെടുന്നത്. ബെംഗ്‌ളൂറിലാണ് ഇവരുടെ രഹസ്യം കേന്ദ്രം പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.
ഇവരെ പിന്നില്‍ ഉള്ളവരെ കുറിച്ചും പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ബെംഗ്‌ളൂറില്‍ നിന്നും വരുന്നതിനിടയില്‍ ബന്തടുക്ക കണ്ണാടിത്തോട് സംസ്ഥാനപാതയില്‍ വാഹന പരിശോധനക്കിടയിലാണ് കെ എല്‍ 60 വി 4748 നമ്പര്‍ കാറില്‍ സഞ്ചരിക്കുകയായിരുന്ന സംഘം പിടിയിലായത്. വ്യാജ സീലുകളും മറ്റു നിര്‍മിക്കുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്ന് സംശയിക്കുന്നതായും പൊലീസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.