05/02/2025
#Uncategorized

കരിപ്പൂര്‍ ഹജ്ജ് പുറപ്പെടല്‍:എയര്‍ ഇന്ത്യ തുകകുറച്ചില്ലെങ്കില്‍ റി ടെന്‍ഡര്‍വേണം-ചെയര്‍മാന്‍

ന്യൂഡല്‍ഹി – കോഴിക്കോട് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നുള്ള വിമാന സര്‍വീസ് തുക എയര്‍ ഇന്ത്യ കുറയ്ക്കാന്‍ തയ്യാറായില്ലെങ്കില്‍ റി ടെന്‍ഡര്‍ നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി.

ഇക്കാര്യത്തില്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിനും വ്യോമയാന മന്ത്രാലയത്തിനും നിവേദനങ്ങള്‍ സമര്‍പ്പിച്ചതിനു ശേഷം ഡല്‍ഹിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിഷയത്തില്‍ രണ്ടോ മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ പുനരാലോചനക്ക് തയ്യാറാകുമെന്നാണ് വ്യോമയാന മന്ത്രാലയവും ന്യൂനപക്ഷ മന്ത്രാലയവും നല്‍കുന്ന സൂചന. സംസ്ഥാന സര്‍ക്കാറും എയര്‍ ഇന്ത്യ കമ്ബനിയുമായും തമ്മില്‍ ആശയ വിനിമയം നടക്കുന്നുണ്ടെന്നും ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ പറഞ്ഞു. വിഷയത്തില്‍ വേഗത്തിലുള്ള തീരുമാനം ഉണ്ടായില്ലെങ്കില്‍ സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്ന് ആവശ്യമായ തീരുമാനങ്ങളെടുക്കുമെന്നും സി മുഹമ്മദ് ഫൈസി വ്യക്തമാക്കി.

കോഴിക്കോട് പുറപ്പെടല്‍ കേന്ദ്രത്തില്‍ നിന്നും ഹജ്ജിനു പോകുന്നവര്‍ക്ക് ഒരു ടിക്കറ്റിന് 1,65,000 രൂപ വീതം അടക്കണമെന്ന നിര്‍ദേശമാണ് കേന്ദ്ര ഹജ്ജ് മന്ത്രാലയത്തില്‍ നിന്ന് വന്നിട്ടുള്ളത്. കേരളത്തില്‍ നിന്നും തുല്യ ദൂരപരിധിയുള്ള സ്ഥലത്തേക്ക് കേരളത്തിലെ മൂന്ന് പുറപ്പെടല്‍ കേന്ദ്രങ്ങളില്‍ നിന്നും കഴിഞ്ഞ തവണ ഒരേ ടിക്കറ്റ് നിരക്കാണുണ്ടായിരുന്നത്. കഴിഞ്ഞ വര്‍ഷം യഥാക്രമം കോഴിക്കോട് 1,20,490 രൂപ, കൊച്ചി 121,275 രൂപ, കണ്ണൂര്‍ 1,22,141 രൂപ എന്നിങ്ങനെയായിരുന്നു.

കഴിഞ്ഞ വര്‍ഷം മൂന്ന് കേന്ദ്രങ്ങളില്‍ ഏറ്റവും കുറവ് സംഖ്യ കോഴിക്കോട് നിന്നായിരുന്നു. ചെറിയ വിമാനങ്ങള്‍ ഉപയോഗിച്ചായിരുന്നു അന്നും കോഴിക്കോട് നിന്നുള്ള സര്‍വ്വവീസ് നടത്തിയത്. എയര്‍പോര്‍ട്ടിലേയും അനുബന്ധ സൗകര്യങ്ങളും കഴിഞ്ഞ വര്‍ഷത്തെ പോലെ തന്നെയാണ് ഈ വര്‍ഷവുമുള്ളത്. കേന്ദ്രസര്‍ക്കാര്‍ ഹജ്ജ് വിമാന സര്‍വീസിനുള്ള റിടെന്‍ഡര്‍ നടപടികള്‍ ആരംഭിക്കുകയാണെങ്കില്‍ അതിനാവശ്യമായ സമയം ഇനിയുമുണ്ടെന്നും ഈ വര്‍ഷം നടപടികള്‍ നേരത്തെയാണ് ആരംഭിച്ചിരിക്കുന്നതെന്നും സി മുഹമ്മദ് ഫൈസി പറഞ്ഞു.

ഒരു വര്‍ഷമായി കേന്ദ്ര ഹജ്ജ് കമ്മിറ്റി യോഗം ചേര്‍ന്നില്ല
ന്യൂഡല്‍ഹി ്യു കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരു വര്‍ഷത്തിലേറെയായി യോഗം ചേര്‍ന്നിട്ടില്ലെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിന് സമര്‍പ്പിച്ച നിവേദനത്തില്‍ വ്യക്തമാക്കി. രാജ്യത്ത് നിന്നുള്ള ഹജ്ജ് തീര്‍ഥാടനം സംബന്ധമായ മുഴുവന്‍ കാര്യങ്ങളും സമയബന്ധിതമായി നടപ്പാക്കാനും വിവിധ വിഷയങ്ങളില്‍ ഇടപെട്ട് അതത് സമയം പരിഹാരം കാണേണ്ട ചുമതലയുമുള്ള കേന്ദ്ര ഹജ്ജ് കമ്മിറ്റി, യോഗം ചേരാത്തത് വളരെ ഗൗരവതരമാണ്. 2022 ആഗസ്റ്റിനു ശേഷം കേന്ദ്ര ഹജ്ജ് കമ്മിറ്റി ഒരു മീറ്റിംഗ് പോലും ചേര്‍ന്നിട്ടില്ല.

ഹജ്ജ് കഴിഞ്ഞതിനു ശേഷം പതിവായി ചേര്‍ന്നിരുന്ന വിവിധ സംസ്ഥാനങ്ങളിലെ പ്രതിനിധികളെ ഉള്‍പ്പെടുത്തിയുള്ള അവലോകന യോഗവും കഴിഞ്ഞ വര്‍ഷം ചേര്‍ന്നിട്ടില്ലെന്നത് ഇതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര സര്‍ക്കാറിനെ അറിയിച്ചു.

കൃത്യമായുള്ള യോഗങ്ങള്‍ നിരവധി വിഷയങ്ങള്‍ ആസൂത്രണം ചെയ്യാനും അവലോകനം നടത്താനും പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും സാധിക്കുന്നതാണ്. ഹജ്ജ് കമ്മിറ്റി സി ഇ ഒ യും ന്യൂനപക്ഷ മന്ത്രാലയവും നേരിട്ടാണ് കാര്യങ്ങള്‍ ചെയ്തുവരുന്നത്.

ഈ വിഷയം അറിയിച്ചുകൊണ്ട് മാസങ്ങള്‍ക്ക് മുന്പ് കേന്ദ്ര ഹജ്ജ്കാര്യ മന്ത്രിക്കും കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒക്കും സംസ്ഥാന ഹജ്ജ് കമ്മിറ്റി കത്ത് നല്‍കിയിരുന്നു. അതിനു ശേഷവും യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല. അടിയന്തര പരിഹാരം ആവശ്യമാണെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി നിവേദനത്തില്‍ അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *