ന്യായ് യാത്രയ്ക്കിടെരാഹുല്‍ ഗാന്ധിയുടെകാറിന്റെ ചില്ല് തകര്‍ന്നു
‘ഭാരത് ജോഡോ ന്യായ് യാത്ര’ റാലിക്കിടെ രാഹുല്‍ ഗാന്ധി സഞ്ചരിച്ച കാറിന്റെ ചില്ല് തകര്‍ന്നു. ബിഹാറിലെ കതിഹാര്‍ ജില്ലയിലാണ് സംഭവം. ആവേശഭരിതരായ ജനക്കൂട്ടം വാഹനത്തിന് മുകളില്‍ കയറിയതോടെയാണ് പിന്‍വശത്തെ ഗ്ലാസ് തകര്‍ന്നത്. എന്നാല്‍ ആള്‍ക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ വാഹനത്തിന് നേരെ കല്ലെറിയുകയായിരുന്നുവെന്ന് ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ അധീര്‍ രഞ്ജന്‍ ചൗധരി.
രാഹുല്‍ ഗാന്ധി നയിക്കുന്ന യാത്ര ബിഹാറില്‍ പര്യടനം നടത്തുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് സംഭവം. കതിഹാറില്‍ രാഹുല്‍ ഗാന്ധിയെ അഭിവാദ്യം ചെയ്യാന്‍ റോഡിനിരുവശവും ആളുകള്‍ തടിച്ചികൂടി. റോഡ് ഷോ ഡിഎസ് കോളജിനു സമീപം കടന്നുപോകുമ്പോള്‍ രാഹുല്‍ സഞ്ചരിച്ചിരുന്ന ബ്ലാക്ക് കളര്‍ ടൊയോട്ട എസ്യുവി കാറിന്റെ പിന്‍വശത്തെ ഗ്ലാസ് തകരുകയായിരുന്നു.
ജനക്കൂട്ടം വാഹനത്തിന് മുകളില്‍ കയറിയതോടെയാണ് ചില്ല് തകര്‍ന്നതെന്നാണ് നിഗമനം. വാഹനത്തില്‍ ഉണ്ടായിരുന്ന രാഹുല്‍ ഗാന്ധിക്ക് പരിക്കുകള്‍ ഇല്ല. യാത്ര അല്പസമയത്തേക്ക് തടസ്സപ്പെട്ടെങ്കിലും വീണ്ടും പുനരാരംഭിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ യാത്ര ബിഹാറിലെ കതിഹാര്‍ വഴി ബംഗാളിലെ മാള്‍ഡ ജില്ലയില്‍ പ്രവേശിക്കും