05/02/2025
#Kerala

ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ; ഇസഡ് പ്ലസ് സുരക്ഷ നല്‍കാന്‍ തീരുമാനം

കൊല്ലത്ത് എസ്എഫ്‌ഐ കരിങ്കൊടി പ്രതിഷേധത്തെ തുടര്‍ന്നുണ്ടായ നാടകീയ രംഗങ്ങള്‍ക്ക് പിന്നാലെ ഗവര്‍ണര്‍ക്ക് കേന്ദ്ര സുരക്ഷ. ആരിഫ് മുഹമ്മദ് ഖാന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കാന്‍ തീരുമാനം. ആരിഫ് മുഹമ്മദ് ഖാന്‍ നേരിട്ട് പരാതി ഉന്നയിച്ചതിനെ തുടര്‍ന്നാണ് നടപടി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് രാജ്ഭവനെ ഇക്കാര്യം അറിയിച്ചത്.

ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തില്‍ നിലവില്‍ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു ദ+ സുരക്ഷ ഉണ്ടായിരുന്നത്. എസ്എഫ്‌ഐ പ്രതിഷേധത്തിനിടെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയെ ഫോണില്‍ വിളിച്ചാണ് ഗവര്‍ണര്‍ പരാതി അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി എസ്എഫ്ഐക്കാര്‍ ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് ഗവര്‍ണര്‍ ആഭ്യന്തര മന്ത്രാലയത്തെ അറിയിച്ചു. പിന്നാലെ ഗവര്‍ണറുടെ പരാതി ഗൗരവത്തോടെ കാണുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

സംഭവത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസക്കൂലിക്കാര്‍ മാത്രമാണ് എസ്എഫ്‌ഐക്കാരെന്നും പൊലീസിന് ഇവിടെ യാതൊരുവിധ റോളുമില്ല എന്നും അദ്ദേഹം പറഞ്ഞു. 17 പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതിന്റെ എഫ്ഐആര്‍ കൈവശമുണ്ടെന്നും ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞിരുന്നു.

‘നിയമം ലംഘിക്കുന്നവര്‍ക്ക് സംരക്ഷണം നല്‍കാന്‍ പൊലീസിന് നിര്‍ദേശം നല്‍കുന്നതും മുഖ്യമന്ത്രിയാണ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ നിരവധി ക്രമിനല്‍ കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 40 ലധികം കേസുകളാണ് കോടതികളില്‍ തീര്‍പ്പാകാതെ കെട്ടിക്കിടക്കുന്നത്. പാര്‍ട്ടി നല്‍കുന്ന ദിവസ വേദനത്തിന് ജോലി ചെയ്യുന്നവരാണ് ഈ പ്രവര്‍ത്തകര്‍. വരുക, കരിങ്കൊടി കാണിക്കുക, കാറില്‍ അടിക്കുക, തിരിച്ചുവന്ന് പ്രതിഫലം വാങ്ങുക. ഇതാണ് അവരുടെ ജോലി. ഇപ്പോള്‍ 17പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിഷേധിച്ചവര്‍ 50പേരില്‍ കൂടുതലുണ്ടായിരുന്നു. പക്ഷേ, ഞാനീ എഫ്ഐആര്‍ അംഗീകരിക്കുകയാണ്’-അദ്ദേഹം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *